തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട മുൻ മന്ത്രി ഇ പി ജയരാജന് കോടതിയിൽ നിന്ന് തിരിച്ചടി. സംഭവത്തിൽ ജയരാജനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം.
മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്. വലിയതുറ പൊലീസിനാണ് നിർദേശം നൽകിയത്.
ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി എം എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെയാണ് ഇവർ ഹർജി നല്‍കിയത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ പി ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ പി ജയരാന് മൂന്നാഴ്ചത്തെ വിമാന വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ ഇ പിക്കെതിരേ കേസെടുക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഹർജി നല്‍കിയത്.
തങ്ങളുടെ നേരെ കൊല്ലെടാ എന്ന് പറഞ്ഞ് ഇ പി ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും ചവിട്ടിയെന്നും കഴുത്തിന് കുത്തിപ്പിടിച്ചുവെന്നുമായിരുന്നു യൂത്ത്‌കോണ്‍ഗ്രസുകാരുടെ പരാതി. പരാതിക്കാര്‍ വീല്‍ചെയറിലടക്കം പുറത്തുവരുന്ന ദൃശ്യങ്ങളും വിമാനത്തിലെ ദൃശ്യവും ഇവര്‍ കോടതിയില്‍ ഹാജരാക്കി. ഈ സംഭവത്തിലാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്.
Content Highlights: Assault on aircraft; Court order to file a case against EP Jayarajan for attempted murder and conspiracy




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !