പാലക്കാട്: ക്ലാസ്‌മുറിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് ഇഴഞ്ഞുകയറി. പാലക്കാട് മങ്കര ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഒൻപതരയോടെ സ്കൂളിലെത്തിയ വിദ്യാർത്ഥിനി നിലത്തുകിടന്ന പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. ഉടൻതന്നെ വിദ്യാർത്ഥിനിയുടെ കാലിൽ ചുറ്റിവരിഞ്ഞ പാമ്പ് ശരീരത്തിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. പേടിച്ചരണ്ട കുട്ടി കാൽ ശക്തിയായി കുടഞ്ഞതോടെ തെറിച്ചുവീണ പാമ്പ് അവിടെയുണ്ടായിരുന്ന അലമാരക്കുള്ളിൽ കയറി. നിലവിളി കേട്ടെത്തിയ അദ്ധ്യാപകരും മറ്റുള്ളവരും ചേർന്ന് പാമ്പിനെ തല്ലിക്കൊല്ലുകയും കുട്ടിയെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയെ പാമ്പ് കടിച്ചിട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടി ഇരുപത്തിനാലുമണിക്കൂർ നിരീക്ഷണത്തിലാണിപ്പോൾ.
കാടുമൂടിക്കിടക്കുന്ന പരിസരത്തുനിന്നാണ് പാമ്പ് ക്ലാസ് മുറിയിലെത്തിയതെന്നാണ് കരുതുന്നത്. സ്കൂൾ പരിസരത്തെ കാട് വെട്ടണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ കാര്യമാക്കിയിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. രണ്ടുവർഷം മുമ്പ് വയനാട് ബത്തേരിയിൽ സ്കൂളിൽവച്ച പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയാക്കിയ സംഭവം ഏറെ വിവാദമായിരുന്നു.
Content Highlights: A venomous snake crawled through the body of a 4th grader in the classroom
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !