തിരൂർ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മികച്ച നേട്ടം കൈവരിച്ച സ്കൂളുകളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ആദരം 2022' പരിപാടി നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ 'ഞാറ്റുവേല' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുറുക്കോൾ എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വലിയൊരു ശതമാനം പെൺകുട്ടികൾ പോലും തൊഴിൽ രംഗത്ത് എത്തിപ്പെടുന്നില്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് പോലും അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിപ്പെടാനുള്ള തീവ്രശ്രമങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ ഉന്നത നേട്ടങ്ങൾ കൈവരിച്ച പെൺകുട്ടികൾ ഏറെയുണ്ടായിട്ടും തൊഴിൽ മേഖലയിലെ ഇവരുടെ പങ്കാളിത്തം ഇന്നും കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പെൺകുട്ടികൾ കൂടി പൊതു രംഗത്തേക്ക് കടന്നു വന്നാൽ അത്ഭുതകരമായ മുന്നേറ്റങ്ങൾ രാജ്യത്ത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂർ മണ്ഡലത്തിലെ വിവിധ മേഖലകളെയും ബന്ധിപ്പിക്കുന്ന വികസന പ്രവർത്തനങ്ങൾ വരുന്ന നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നതാണ് ഞാറ്റുവേല പദ്ധതി. തിരൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നതനിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ഘട്ടമായാണ് ആദരം 2022 സംഘടിപ്പിച്ചത്. ഉന്നത പഠനത്തിന്റെ സാധ്യതകളും പുതിയ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്നതിനുമായി പ്രശസ്ത മോട്ടിവേറ്റർ സുലൈമാൻ മേൽപത്തൂരിന്റെ ക്ലാസും സംഘടിപ്പിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ. സൽമ, വസീമ വാളേരി, തിരൂർ നഗരസഭ അധ്യക്ഷ എ.പി. നസീമ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.സി. നജ്മത്ത്, കെ.പി. വഹീദ, ഷംസിയ സുബൈർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ്, ഡി.ഡി.ഇ കെ.പി രമേഷ്കുമാർ, തിരൂർ ഡി.ഇ.ഒ ഇ. പ്രസന്ന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Content Highlights: The Speaker inaugurated the 'Adaram 2022' program in Tirur constituency
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !