കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു.
പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിന് അഭിമുഖത്തില്‍ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാമതായത്.
അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.
Content Highlights: The High Court blocked the appointment of Priya Varghese


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !