ബോധനശാസ്ത്രത്തിലൂന്നിയ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതികളുടെ ലക്ഷ്യ സാക്ഷാത്ക്കാരത്തിന് സ്വതന്ത്രസോഫ്റ്റ്‍വെയറുകൾ അവിഭാജ്യഘടകമാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർസാദത്ത് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിൽ ഒന്നാമത് ശബരീഷ് അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡാനന്തര കാലത്ത് താത്കാലിക സംവിധാനമെന്ന നിലയിൽ ലോകമെമ്പാടും ഡിജിറ്റൽ സംവിധാനങ്ങളെ ആശ്രയിച്ചതിന്റെ അപകടം കമ്പോള ശക്തികൾ വിദ്യാഭ്യാസ രംഗത്ത് അധീശത്വം നേടാൻ ശ്രമിക്കുന്നതിലൂടെ ഇന്നത്തെ കാലത്ത് വ്യക്തമാവുന്നുണ്ട്. ഇവിടെയാണ് പൂർണമായും സ്വതന്ത്രസോഫ്റ്റ്‍വെയർ ഉപയോഗിച്ചും ബോധനശാസ്ത്രത്തിലൂന്നി മാത്രം സാങ്കേതികവിദ്യകളെ സന്നിവേശിപ്പിച്ചും നടത്തിയ കേരള വിദ്യാഭ്യാസ മാതൃക പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സിലൂടെ ഡിജിറ്റൽ ക്ലാസുകൾ നൽകാൻ കഴിഞ്ഞതും തുടർന്ന് 20 ലക്ഷത്തിലധികം കുട്ടികൾക്കും ഒരു ലക്ഷം അധ്യാപകർക്കും ലോഗിൻ ഐഡി നൽകി ക്ലാസ്റൂം വിനിമയത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോം സജ്ജീകരിച്ചതും, കേരളത്തിൽ രണ്ട് പതിറ്റാണ്ടിലധികമായി നടത്തിയ ഐ.ടി. വിദ്യാഭ്യാസ ഇടപെടലിന്റെ തുടർച്ചയായിക്കാണണമെന്നും ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ ചട്ടക്കൂടിന്റെ വർക്കിങ് ഗ്രൂപ്പ് അംഗം കൂടിയായ അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാൽ ഇവിടെയും നമ്മുടെ സ്ഥായിയായ മുന്നേറ്റങ്ങളെ എഡ്യുടെക്കിന്റെ പേരിൽ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് നാം ജാഗ്രത പാലിക്കണമെന്നും പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന് ഈ കാലത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്ററായിരുന്ന കെ. ശബരീഷ് മാസ്റ്റർ 2018 ജൂലായ് 19 നാണ് മരണപ്പെട്ടത്. കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി ഹൈടെക് വൽക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ട് ഐടി @സ്കൂൾ കൈറ്റ് ആയി വളരുമ്പോൾ അതിലെ അണിയറശില്പികളിൽ ഒരാളായി ശബരിഷ് സ്വയം അടയാളപ്പെടുത്തി. സ്കൂൾ വിക്കി, ICT പാഠപുസ്തകകമ്മിറ്റി, കലോത്സവ സോഫ്റ്റ്‌വെയർ രൂപീകരണം, മലയാളംവിക്കിപീഡിയ,എഡ്യുസോഫ്റ്റ്, സമഗ്ര റിസോഴ്സ് പോര്‍ട്ടൽ, ഐസിടി ശാക്തീകൃത പഠന-പാഠ്യ പ്രക്രിയ എന്നീ കൈറ്റ് പ്രവർത്തനങ്ങൾക്ക് ശബരീഷ് നേതൃത്വം നൽകി. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ വിന്യസിക്കുന്നതിലും സ്കൂള്‍ വിക്കി പദ്ധതി നടപ്പാക്കുന്നതിലും അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. സ്കൂൾവിക്കി പദ്ധതി നടപ്പിലാക്കുന്നതിൽ പ്രധാന ചുമതല വഹിച്ചിരുന്ന ശബരീഷിനോടുള്ള ആദര സൂചകമായി സംസ്ഥാന സ്കൂള്‍ വിക്കി അവാര്‍ഡുകള്‍ ശബരീഷിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർഥം സ്ഥാപിതമായ ശബരീഷ് മെമ്മോറിയൽ ട്രസ്റ്റ് വര്‍ഷം തോറും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അടിസ്ഥാനമായി വിവിധ വിഷയങ്ങളില്‍ ശബരീഷ് സ്മാരക പ്രഭാഷണങ്ങള്‍ നടത്തുന്നതിന്റെ ആദ്യപടിയായി മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കൈറ്റ് സി.ഇ.ഒ സംസാരിച്ചത്.
ചടങ്ങിൽ ഐ.ടി@സ്കൂൾ പ്രൊജക്ട് മലപ്പറം മുൻ ജില്ലാകോർഡിനേറ്ററായിരുന്ന വികെ. ശശിധരൻ, ശബരീഷ് സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് നീന ശബരീഷ്, കൈറ്റ് ജില്ലാകോർഡിനേറ്റർ ടി.കെ. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:Content Highlights:Sustainable digital education only through free software- K. Anwarsadat
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !