സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ജില്ലയിൽ വർണാഭമായ തുടക്കം. ജില്ലയിൽ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തി ക്യാമ്പയിനിന്റെ ഭാഗമായി.
ഇതിനായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കുടുംബശ്രീ വഴിയാണ് പതാക നിർമിച്ചത്. കുടുംബശ്രീ വഴി നിർമിച്ച 97ശതമാനം പതാകകളുടെ വിതരണം ജില്ലയിൽ പൂർത്തിയായി. ആവശ്യപ്പെട്ട എണ്ണം അനുസരിച്ച് എ.ഡി.എസ്, സി.ഡി.എസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചു നൽകിയിരുന്നു.
ദേശീയ പതാകയോടുള്ള വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയപതാകയെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിര്‍ത്തുംവിധം ഫ്‌ളാഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.
തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്. പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു.
Content Highlights: Har Ghar Tiranga' campaign gets off to a colorful start in the district In homes and institutions Hoisted the national flag
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !