ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ പാക് പോരാട്ടം. ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. പരാജയമറിയാതെ മുന്നേറുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. രാത്രി ഏഴരയ്ക്ക് ദുബായിലാണ് മത്സരം നടക്കുക.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ പരുക്കിന്റെ പിടിയിലാണ് ഇരു ടീമുകളും. വലത് കാല്‍ മുട്ടില്‍ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് പാക്കിസ്ഥാനെതിരെ കളിക്കാനാവില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കഴിഞ്ഞ മത്സരത്തില്‍ ജഡേജ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. 148 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ജഡേജയുടെയും പാണ്ഡ്യയുടെയും കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ഹോങ്കോങിനെതിരെയുള്ള മത്സരത്തില്‍ ബൗളിങിലും ജഡേജ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
ജഡേജയ്ക്ക് പകരം ഋഷഭ് പന്തിനാണ് സാധ്യത. അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ദീപക് ഹൂഡ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റ് സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍മാര്‍. ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്റെ ആരോഗ്യ സ്ഥിതിയും സംശയത്തിന്റെ നിഴലിലാണ്. ടീമില്‍ മറ്റ് പേസര്‍മാരില്ലാത്തത് ഇന്ത്യയെ കുഴയ്ക്കുന്നുണ്ട്. ജഡേജയുടെ ഒപ്പം ആവേശ് ഖാനെയും മാറ്റേണ്ടി വന്നാല്‍ ചിരവൈരികളായ പാകിസ്താനെ നേരിടുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് മാനേജ്‌മെന്റിന് വെല്ലുവിളിയാവും.
ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെ അലട്ടുന്നതും പരുക്ക് തന്നെയാണ്. ഇന്ത്യയ്‌ക്കെതിരെ വിജയം ലക്ഷ്യമാക്കി ഇറങ്ങുമ്പോള്‍ പാകിസ്താന്റെ കരുത്തായ പേസര്‍മാരെ പലരെയും പരുക്ക് കാര്യമായി അലട്ടുന്നുണ്ട്. പേസര്‍മാരായ ഷാഹിന്‍ അഫ്രീദിയും മുഹമ്മദ് വാസിമും ഇല്ലാതെയാണ് പാകിസ്താന്‍ ഏഷ്യ കപ്പിലെത്തിയത്. ഇപ്പോള്‍ ഷാനവാസ് ദഹാനിയെയും പരുക്ക് പിടികൂടിയിരിക്കുകയാണ്. ദഹാനിയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ദഹാനിക്ക് പകരം ഹസന്‍ അലിയെ ടീമിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദഹാനി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തിനു മുമ്പ് പല രീതിയില്‍ വെല്ലുവിളി നേരിടുന്നെങ്കിലും സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ജയമുറപ്പിക്കാന്‍ തന്നെയാണ് ഇരു ടീമുകളും മൈതാനത്തിറങ്ങുക.
Content Highlights: Asia Cup Super Four India-Pak War



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !