തിരുവനന്തപുരം: എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തെത്തിയത്.
എം.ബി.രാജേഷിന്റെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ച് ഗവർണറെ അറിയിക്കും. തദ്ദേശ, എക്സൈസ് വകുപ്പുകൾ രാജേഷിനു നൽകാനാണ് പാർട്ടി തീരുമാനം. അതേസമയം വകുപ്പുകളിൽ മാറ്റത്തിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എക്‌സൈസ് വകുപ്പ് വി.എന്‍.വാസവന് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
എം.ബി.രാജേഷിന്റെ കുടുംബാംഗങ്ങളും മന്ത്രിസഭയിലെ അംഗങ്ങളും പ്രതിപക്ഷ നേതാവും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൃത്താലയിൽനിന്നുള്ള എംഎൽഎയാണ് എം.ബി.രാജേഷ്. 2009ലും 2014ലും പാലക്കാട് എംപിയായിരുന്നു.
സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ.നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ.)
Content Highlights: MB Rajesh was sworn in as Minister


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !