ദുബായ്: ദുബായിലെ ജബല്‍ അലിയിലെ സഹിഷ്ണുതാ കോറിഡോറില്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ ഒക്ടോബര്‍ നാലിന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ദുബായ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് തുടങ്ങി യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഔപചാരിക ഉദ്ഘാടനം മുന്നോടിയായി ക്ഷേത്രം വിശ്വാസികള്‍ക്കായി കഴിഞ്ഞ മാസം തുറന്നു നല്‍കിയിരുന്നു. ആയിരക്കണക്കിന് സന്ദര്‍ശകരമാണ് ജബല്‍ അലി ക്ഷേത്രം കാണാന്‍ ദിവസേന എത്തിച്ചേരുന്നത്.
എല്ലാ മതവിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം
ഒക്ടോബര്‍ നാലിന് വൈകിട്ട് ഉദ്ഘാടനം കഴിഞ്ഞ് ദസറ ദിനമായ ഒക്ടോബര്‍ അഞ്ച് മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി പൂര്‍ണാര്‍ഥത്തില്‍ തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഏറെ കാലമായി കാത്തിരിക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 200 പേര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ മത വിശ്വാസികളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും ക്ഷേത്രമെന്നും അതിനാല്‍ ഏത് മത വിശ്വാസികളായ ആളുകളാണെങ്കില്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതീക്ഷിച്ചതിലും നേരത്തേ നിര്‍മാണം പൂര്‍ത്തിയാക്കി
വര്‍ഷിപ്പ് വില്ലേജ് അഥവാ ആരാധനാ വില്ലേജ് എന്ന പേരില്‍ അറിയപ്പെടുന്ന ദുബായിലെ ജബല്‍ അലിയിലാണ് വെളുത്ത മാര്‍ബിളില്‍ പുതിയ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. മുസ്ലിം പള്ളികള്‍ക്കു പുറമെ, ആറ് ക്രിസ്തീയ ദേവാലയങ്ങളും സിഖ് ഗുരുദ്വാരയും തൊട്ടുരുമ്മിക്കിടക്കുന്ന ജബല്‍ അലി മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. 2019ലാണ് ക്ഷേത്രത്തിനായി ദുബായ് ഭരണകൂടം ഭൂമി അനുവദിച്ചത്. കോവിഡ് കാലമായിരുന്നിട്ടും റെക്കോഡ് വേഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്നോട്ടുപോയത്. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും നല്‍കുന്ന കാര്യത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പോലിസ്, ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ വലിയ സഹകരണമാണ് ലഭിച്ചതെന്നും രാജു ഷ്രോഫ് പരഞ്ഞു. 2020 ആഗസ്ത് 29ന് തറക്കല്ലിട്ട ക്ഷേത്രം നേരത്തേ നിശ്ചയിച്ചിരുന്ന സമയക്രമം ആവുന്നതിനു മുമ്പു തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
നിര്‍മാണച്ചെലവ് 6.5 കോടി ദിര്‍ഹം
6.5 കോടി ദിര്‍ഹം ചെലവിലാണ് ജബല്‍ അലിയിലെ മനോഹരമായ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഭക്ത ജനങ്ങളില്‍ നിന്നാണ് പ്രധാനമായും നിര്‍മാണത്തിന് ആവശ്യമായ പണം കണ്ടെത്തിയതെന്നും ഷ്രോഫ് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രമദാനത്തിലൂടെ പലരും പങ്കാളികളായി. ഓള്‍ഡ് ദുബായില്‍ നിലവില്‍ രണ്ട് ക്ഷേത്രങ്ങളുണ്ടെങ്കിലും അവയില്‍ നിന്ന് വ്യത്യസ്തമാണ് ജബല്‍ അലിയിലെ പുതിയ ക്ഷേത്രം. മറ്റു രണ്ടു ക്ഷേത്രങ്ങളും മറ്റ് കെട്ടിട സമുച്ചയത്തിന് ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജബല്‍ അലിയിലെ പുതിയ ക്ഷേത്രം സ്വതന്ത്രമായി തലയുയര്‍ത്തി നില്‍ക്കുന്നതാണ്. വളരെ അകലത്തില്‍ നിന്നു പോലും കാണാന്‍ കഴിയുന്ന വിധത്തില്‍ താഴികക്കുടങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം ഇന്ത്യന്‍, അറബിക് വാസ്തുശില്‍പ കലയുടെ സമ്മേളനം കൂടിയാണെന്നും രാജു ഷ്രോഫ് പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ നിന്നുള്ളവ ഉള്‍പ്പെടെ 16 പ്രതിഷ്ഠകള്‍
ദക്ഷിണേന്ത്യയില്‍ നിന്നുള്ളവ ഉള്‍പ്പെടെ 16 പ്രതിഷ്ഠകളും സിക്ക് മതവിശ്വാസികളുടെ പുണ്യ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിന്റെ പ്രധാന ഹാളില്‍ സ്ഥാപിച്ചിട്ടുണ്ട്. ശിവനായിരിക്കും മുഖ്യ പ്രതിഷ്ഠ. ഗണേശ വിഗ്രഹം, കൃഷ്ണ, മഹാലക്ഷ്മി തുടങ്ങിയവയാണ് മറ്റു പ്രധാന പ്രതിഷ്ഠകള്‍. 200 ക്ഷേത്ര മണികളും പിങ്ക് വര്‍ണത്തിലുള്ള വിരിഞ്ഞ താമരയുടെ ത്രീഡി പ്രിന്റും പ്രധാന ഹാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വച്ഛന്ദമായ മാനസികാനുഭവം സമ്മാനിക്കും. ം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി ദുബായ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു. നിലവില്‍ പ്രാര്‍ഥനയുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ മാത്രമാണ് വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുക. അടുത്ത വര്‍ഷം ജനുവരി 14ന് മകര സംക്രാന്തി ദിനത്തില്‍ ക്ഷേത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണ് തീരുമാനം.
1200 പേര്‍ക്ക് പ്രാര്‍ഥന നടത്താന്‍ സൗകര്യം
ഒരേ സമയം 1200 പേര്‍ക്കു വരെ പ്രാര്‍ഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. ഉല്‍സവ ദിനങ്ങളിലും വിശേഷ സന്ദര്‍ഭങ്ങളിലും ആളുകളുടെ എണ്ണം കൂടും. ബര്‍ദുബായിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വിഗ്രഹങ്ങളെല്ലാം ഇന്ത്യയില്‍ നിന്നാണ് എത്തിച്ചത്. രാജസ്ഥാനില്‍ നിന്ന് എത്തിച്ച മാര്‍ബിള്‍ കൊണ്ടാണ് പ്രധാനഹാളിലെ തൂണുകളും ചുവരുകളും തീര്‍ത്തിരിക്കുന്നത്. വിവിധ ഹൈന്ദവ വിശ്വാസികള്‍ ആരാധിക്കുന്ന ഏതാണ്ടെല്ലാ ദേവതകളും ഇവിടെ ഉണ്ടെന്നതിനാല്‍ എല്ലാവര്‍ക്കും ഒരു പോലെ ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനാകുമെന്നും രാജു ഷ്രോഫ് പറഞ്ഞു.
Content Highlights: Inauguration of Hindu temple in Jebel Ali, Dubai tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.