തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും, പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി പറഞ്ഞദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ലാണ് വിവാദമുണ്ടാക്കിയ സോളാര്‍ കേസിന് തുടക്കം. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും കേസുകള്‍ അന്വേഷിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സോളാര്‍ കേസ് സിബിഐക്ക് കൈമാറിയത്. സോളാറില്‍ സാമ്പത്തിക ഇടപാടിന് പുറമെ, ലൈംഗികമായ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസിലും എംഎല്‍എ ഹോസ്റ്റലിലും അടക്കം പരിശോധന നടത്തിയിരുന്നു.
സോളാര്‍ കേസില്‍ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഇതില്‍ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ പരാതിയില്‍ തെളിവില്ലെന്ന് കാണിച്ചാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്.
സോളാര്‍ കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ഇതോടെ സോളാര്‍ പീഡനക്കേസിലെ ആറു പ്രതികളും കുറ്റവിമുക്തരാകുകയാണ്.
Content Highlights: Clean chit for Oommen Chandy in solar harassment case; CBI has no evidence


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !