അട്ടിമറികൾക്ക് അവസാനമില്ലാതെ തുടരുകയാണ് ഖത്തർ ലോകകപ്പ്. ഇന്നലെ നടന്ന മത്സരത്തിൽ സ്പെയിനിനെ തോൽപ്പിച്ച് അവസാന പതിനാറിലേയ്ക്ക് രാജകീയമായി എഴുന്നള്ളിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്ടുകാർ. ഗ്രൂപ്പ് ഇ യിൽ നിന്ന് ചാമ്പ്യൻമാരായാണ് ജപ്പാന്റെ പ്രീ ക്വാർട്ടർ എൻട്രി. സ്പെയിനിനെതിരെ 2-1ന്റെ ജയമാണ് ജപ്പാൻ സ്വന്തമാക്കിയത്. നിർണായകമായ മത്സരത്തിൽ കോസ്റ്റാ റിക്കയെ 4-2ന് പരാജയപ്പെടുത്തിയെങ്കിലും ജർമനി പുറത്തായി. ജപ്പാനോട് തോറ്റെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിൻറെ കരുത്തിൽ സ്പെയിൻ ഗ്രൂപ്പിൽ രണ്ടാമൻമാരായി പ്രീ ക്വാർട്ടറിലെത്തി. നേരത്തെ കോസ്റ്റോറിക്കയെ 7-0ന് തോൽപ്പിച്ചതാണ് സ്പെയിനിനെ തുണച്ചത്.
ഇതാദ്യമായാണ് ജപ്പാൻ തുടർച്ചയായ ലോകകപ്പുകളിൽ പ്രീ ക്വാർട്ടറിലെത്തുന്നത്. ജർമനിയാകട്ടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി.
ജയിച്ചിട്ടും പുറത്തേക്ക്
കോസ്റ്റാ റിക്കക്കെതിരെ വമ്പൻ ജയം ലക്ഷ്യമിട്ടാണ് ജർമനി ഇന്നലെ കളത്തിലിറങ്ങിയത്. പത്താം മിനിറ്റിൽ തന്നെ ജർമനിയുടെ സെർജ് ഗ്നാബ്രിയിലൂടെ ആദ്യ ഗോൾ പിറന്നു. ഗോൾ മഴ പ്രതീക്ഷിച്ചെത്തിയ ആരാധകർ പക്ഷെ നിരാശപ്പെട്ടു. ആദ്യ പകുതിയിൽ ജർമനിയെ കൂടുതൽ ഗോളടിക്കാൻ കോസ്റ്റാ റിക്ക അനുവദിച്ചില്ല. രണ്ടാം പകുതിയിലാകട്ടെ യെൽസിൻ ജേഡയിലൂടെ കോസ്റ്റാ റിക്ക സമനില ഗോൾ നേടുകയും ചെയ്തു. 58-ാം മിനിറ്റിലായിരുന്നു ഇത്. 70-ാം മിനിറ്റിൽ യുവാൻ പാബ്ലോ വർഗാസ് കോസ്റ്റാ റിക്കയെ മുന്നിലെത്തിച്ചു. ഇതോടെ മറ്റൊരു അട്ടിമറിയിലേക്കാണോ മത്സരം നീങ്ങുന്നതെന്നുപോലും സംശയിച്ചു. പക്ഷെ മൂന്ന് മിനിറ്റുകൾക്കകം കയ് ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി. കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളിലൂടെ ജർമനി ജയം ഉറപ്പിച്ചു. ഹാവെർട്സാണ് ഗോളടിച്ചത്. 89-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ് ഒരു ഗോൾ കൂടി നേടി ജർമനിക്ക് ആധികാരിക ജയം സമ്മാനിച്ചു. പക്ഷെ ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ പുറത്താകേണ്ടിവന്നിരിക്കുകയാണ് ജർമനിക്ക്.
ജപ്പാൻ ഉണർന്നു, സ്പെയിൻ വീണു
സ്പെയിനിനെ വീഴ്ത്തി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമനായിരിക്കുകയാണ് ജപ്പാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ സ്പെയിൻ ഒരു ഗോൾ നേടി ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ടാ പകുതിയിൽ രണ്ട് ഗോളുകൾ മടക്കിയാണ് ജപ്പാൻ ജയമുറപ്പിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റിൽ ആൽവാരോ മൊറാട്ടയാണ് സ്പെയിനുവേണ്ടി ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജപ്പാൻ ഉണർന്നു. രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിൻറെ ഇടവേളയിൽ രണ്ട് ഗോളടിച്ച് ജപ്പാൻ ഞെട്ടിച്ചു. 49-ാം മിനിറ്റിൽ റിറ്റ്സു ഡോവൻ ജപ്പാൻറെ സമനില ഗോൾ നേടി. ഒരു മിനിറ്റിനകം ജപ്പാൻ ലീഡെടുത്തു. ഓടനാകയാണ് ജപ്പാനെ മുന്നിലെത്തിച്ചത്.
നോക്കൗട്ട് ചിത്രം ഇന്നു വ്യക്തമാകും
ഖത്തര്‍ ലോകകപ്പിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് അവസാനം ഇന്നു നടക്കുന്ന ഗ്രൂപ്പ് ജി, ഗ്രൂപ്പ് എച്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നോക്കൗട്ട് ചിത്രം വ്യക്തമാകും. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ അതത് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബ്രസീലും പോര്‍ചുഗലും ഇറങ്ങുമ്പോള്‍ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഘാന, കാമറൂണ്‍, യുറുഗ്വായ് തുടങ്ങയവര്‍ രംഗത്തുണ്ട്.
രാത്രി 8:30-ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ചുഗല്‍ ദക്ഷിണ കൊറിയയെയും ഘാന യുറുഗ്വായെയും നേരിടും. രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലിന് ആഫ്രിക്കന്‍ കരുത്തരായ കാമറൂണാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയയെയും നേരിടും.
രാത്രി 8:30-ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ചുഗല്‍ ദക്ഷിണ കൊറിയയെയും ഘാന യുറുഗ്വായെയും നേരിടും. രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലിന് ആഫ്രിക്കന്‍ കരുത്തരായ കാമറൂണാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയയെയും നേരിടും.
Content Highlights: Germany out; Rising Japan beat Spain in the pre-quarters
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !