മലയാളികൾ ഏറ്റവും കൂടുതൽ സജീവമായി കളി ശ്രദ്ധിച്ച ഒരു ലോകകപ്പാണ് കഴിഞ്ഞത്, ഏറ്റവും കൂടുതൽ മലയാളികൾ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ട് കണ്ടതും ഈ വർഷം തന്നെയായിരിക്കും.
ഖത്തറിനെപ്പോലത്തന്നെ കേരളവും ഉണർന്ന സമയമായിരുന്നു ഈ വേൾഡ് കപ്പ് കാലം, സാധാരണയായി ചെറുപ്പക്കാരും മുതിർന്നവരും ഒരുമിച്ചിരിക്കാനും സംസാരിക്കാനുമുള്ള വിഷയങ്ങൾ കുറവായിരുന്നു എന്നാൽ പ്രായ വ്യത്യാസമില്ലാതെ ഫുട്ബാൾ കാലം സോഷ്യൽ മീഡിയ മുതൽ കവലകൾ വരെ സജീവമാക്കിയിരുന്നു..
പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന കളിഎഴുത്തും പറയലും ഇത്തവണ സ്ത്രീകൾ കൂടെ ഏറ്റെടുത്തിരുന്നു എന്നതും ശ്രദ്ധേയം.
എന്തുകൊണ്ടായിരിക്കാം മത്സരങ്ങൾ ആളുകളെ ഇത്രയും സജീവമാക്കുന്നത്?
ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്, അവരവരുടെ ചിന്താരീതികളും വ്യത്യസ്തമാണ്. ഇത് പലപ്പോഴും അവർക്കിടയിൽ വിള്ളലുണ്ടാക്കാനും പരസ്പരം പോരടിക്കാനും കാരണമാവുന്നു. അത് രാജ്യം, ദേശം, ജാതി, മതം,സ്നേഹം, കുടുംബം, അധികാരം, സ്വാതന്ത്ര്യം, അഭിമാനം തുടങ്ങിയ എന്തിനും വേണ്ടിയാകാം..
മനുഷ്യൻ ഉണ്ടായ കാലം മുതൽ ആളുകൾ പരസ്പരം മത്സരിക്കുന്നുണ്ട് അതുപോലത്തന്നെ പോരടിക്കുന്നുമുണ്ട്. ഏതായാലും പോരടിക്കുന്നു, എന്നാൽ ആരോഗ്യകരമായി പോരടിക്കാനാവുമോ? അതായിരിക്കും ഫുട്ബോൾ പോലത്തെ മത്സരങ്ങൾ ചെയ്യുന്നത്. രക്‌തച്ചൊരിച്ചിലില്ലാതെ ആരോഗ്യകരമായ ഏറ്റവും വലിയൊരു പോരാട്ടം അത് ലോകകപ്പ് ഫുട്ബാൾ തന്നെയായിരിക്കും.
ആരോഗ്യകരമായ മത്സരം ആളുകളെ കൂടുതൽ സജീവമാക്കും ചില രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടേയുമൊക്കെ വളർച്ച കണ്ടിട്ടില്ലേ പലപ്പോഴും ശക്തരായ എതിരാളികളും, മത്സരങ്ങളും കൂടിയാണ് അവരെ വളർത്തുന്നത്.
ഏറ്റവും കൂടുതൽ ഇമോഷൻസ് പ്രകടിപ്പിക്കുന്നത് കളികളിലായിരിക്കും, കോടികൾ ലോട്ടറിയടിച്ചയാൾ പ്രകടിപ്പിക്കുന്ന സന്തോഷത്തേക്കാൾ കൂടുതലായിരിക്കും ഫുട്ബാളിൽ ഒരു ഗോളടിച്ചാൽ പ്രകടിപ്പിക്കുന്നത് അതുപോലത്തന്നെ ദേഷ്യവും സങ്കടവുമെല്ലാം. സിനദിൻ സിദാൻ മെറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടതും, ലൂയിസ് സുവാരസ് എതിരാളിയെ കടിച്ചതും, തോൽവി നേരിട്ട എതിർ ടീമിനെ സമാധാനിപ്പിക്കുന്നതുമെല്ലാം ഇതുകൊണ്ടായിരിക്കാം.
ഒരു ജോലിയുമില്ലാത്തവർപോലും ഇഷ്ട താരങ്ങളുടെ ഫ്ളക്സ് വെക്കാൻ പണം കണ്ടെത്തുന്നതും വിയർപ്പിന്റെ അസുഖമുള്ളവർപോലും മേലനങ്ങി പണിയെടുക്കുന്നതും ഫ്ളക്സ് കെട്ടുന്നതുമൊക്കെ ഈ കാരണംകൊണ്ടായിരിക്കും.
ജീവിതത്തിൽ, സന്തോഷം നിർമ്മിക്കുവാൻ വേണ്ടിയാണ് ഈ പ്രയത്നങ്ങളെല്ലാം.
എന്നാൽ വിജയത്തെയും തോൽവിയെയും പക്വമായി കൈകാര്യം ചെയ്യുക എന്നത് വലിയ കാര്യമാണ്. ജേതാക്കളാകുന്നതുപോലെ പ്രധാനമാണ് എതിരാളികളെ ആദരിക്കാനും തുല്യരായി കാണാനുമുള്ള ഔന്നിത്യം ഉണ്ടാവുക എന്നത്.
ഒരു തമാശയും കേവലമായ തമാശകളല്ല.
മറ്റു ജീവികളെ വെച്ചുനോക്കുമ്പോൾ അതീവ ബുദ്ധിശാലികളായ മനുഷ്യൻ സന്തോഷം നിർമിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കും. ക്രിയാത്മകമായ മത്സരങ്ങൾ ഇല്ലാതാകുമ്പോഴാണ് പരസ്പര വിദ്വേഷത്തിന്റെ മത്സരങ്ങൾ തുടങ്ങുന്നത്. ക്രിയാത്മകമായ മത്സരങ്ങൾക്കുള്ള ഒരുപാട് അവസരങ്ങൾ ഇനിയുമുണ്ടാകട്ടെ.❤️
✍️ Khamarudheen KP
Director at Happiness Route
Content Highlights: Is war necessary to win ? Even a game is not enough?


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !