മലപ്പുറം: മഞ്ചേരി സാന്ത്വന സദനത്തിൽ മൂന്നു മാസത്തോളം അതിഥിയായി കഴിഞ്ഞ തഞ്ചാവൂർ സ്വദേശി ശരവണനെ തേടി ബന്ധുക്കളെത്തി. മൊറയൂർ വെയിറ്റിംഗ് ഷെഡിൽ മാസങ്ങളായി മനോ നില തെറ്റി മൂകനായി കഴിഞ്ഞു കൂടിയിരുന്ന അജ്ഞാത യുവാവിനെ മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഹസൈനാർ ബാബു, അബ്ദുൽ സലാം മൊറയൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി, ഭക്ഷണം നൽകി.
നാടിനെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒരു വിവരവുമില്ലാത്തതിനാൽ പോലീസ് റിപ്പോർട്ട് പ്രകാരം എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മഞ്ചേരിയിലെ സാന്ത്വന സദനത്തിലെത്തിച്ചു. സാന്ത്വന സദനത്തിലെ ജീവനക്കാരായ മജീദ് സഖാഫി, മുഹമ്മദ് റാഫി എന്നിവരുടെ കൃത്യമായ പരിചരണവും ചികിത്സയും കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായി. ഇദ്ദേഹവുമായി നടത്തിയ ആശയ വിനിമയത്തിനിടെ തഞ്ചാവൂർ സ്വദേശിയാണെന്ന് ബോധ്യമായി. സോഷ്യൽ മീഡിയ വഴി നടന്ന ദീർഘമായ അന്വേഷണത്തിനൊടുവിൽ ശരവണന്റെ കുടുംബത്തെ കണ്ടെത്തി.
അഛനുൾപ്പെടെയുള്ള ബന്ധുക്കൾ മഞ്ചേരി സദനത്തിലെത്തി ശരവണനെ തിരിച്ചറിഞ്ഞു. മാസങ്ങളായി മകനെ കുറിച്ച് യാതൊരു വിവരവുമില്ലാതെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും അവനെ ആരോഗ്യത്തോടെ തികച്ചും സുരക്ഷിതനായി കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരവണനെ ബന്ധുക്കൾക്കൊപ്പം യാത്രയാക്കി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി,സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ,മൊറയൂർ പഞ്ചായത്ത് മെമ്പർ അസൈനാർ ബാബു, അബ്ദുൽ സലാം, അബ്ദുൽ മജീദ് സഖാഫി എടവണ്ണ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: Relatives reached Santwana Sadan in search of Saravan



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !