അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 5.17 കോടി രൂപ. 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനർഹമായി റേഷൻകാർഡ് കൈവശം വച്ചത്. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സർക്കാറിന്റെ കാലയളവിൽ ആകെ 3,31,152 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 77962 പിങ്ക് കാർഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാർഡുകളും (എൻ.പി.എൻ.എസ്) 6780 ബ്രൗൺ കാർഡുകളും (എൻ.പി.ഐ) ആണ്.
ADVERTISEMENT
ഇതേ കാലയളവിൽ മാറ്റി കൊടുത്ത റേഷൻ കാർഡുകളുടെ എണ്ണം 288271 ആണ്. ഇതിൽ 20712 മഞ്ഞ കാർഡുകളും 267559 പിങ്ക് കാർഡുകളുമാണ്. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓൺലൈൻ അപേക്ഷകൾ 4818143. ഇവയിൽ 4770733 അപേക്ഷകൾ തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബർ 13 മുതൽ 2022 ഒക്ടോബർ 31 വരെ 73228 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാർഡ് മാറ്റത്തിന് 49394 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് ആകെ 93,37,202 റേഷൻ കാർഡുകൾ ആണുള്ളത്. ഇതിൽ 587806 മഞ്ഞ കാർഡുകളും 3507394 പിങ്ക് കാർഡുകളും 2330272 നീല കാർഡുകളും 2883982 വെള്ള കാർഡുകളും 27748 ബ്രൗൺ കാർഡുകളുമാണ്.
അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് 'ഓപ്പറേഷൻ യെല്ലോ' പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലോ 1967 എന്ന ടോൾഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. ഇപ്രകാരം ലഭ്യമായ പരാതികൾ പരിശോധിച്ച് 48 മണിക്കൂറിനുള്ളിൽ കാർഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.
കഴിഞ്ഞ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ ഫോൺ-ഇൻ-പരിപാടിയിൽ 22 പരാതികൾ കേട്ടു. ഭക്ഷ്യവകുപ്പുകളുടെ പരസ്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, അരിയിൽ നിറം ചേർക്കുന്നു എന്ന പരാതികൾ കൺസ്യൂമർ കോടതിയിൽ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട പരാതി വകുപ്പിലേക്ക് കൈമാറി അന്വേഷണം നടത്തി പരിഹരിച്ചതായും ജി.ആർ അനിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 34,550 people were ineligibly in possession of priority ration cards; 5.17 crore fine was collected
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !