പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍. ബാർഡ് എന്നാണ് ഗൂഗിള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്. അധികം വൈകാതെ തന്നെ ഈ ചാറ്റ്ബോട്ട് പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അതിന് മുന്‍പ് തിരഞ്ഞെടുത്ത ടെസ്റ്റർമാർ ബാർഡ് ഉപയോഗിച്ച് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ അടക്കം പരിശോധിക്കാന്‍ അവസരം നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
ഗൂഗിളിന്‍റെ വിഭാഗമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാംഡയിലാണ് ബാർഡ് വികസിപ്പിച്ചത്. മനുഷ്യനെപ്പോലെ പെരുമാറുന്ന ഒപ്പം വികാരം പോലും ഉള്ള ഒരു ചാറ്റ് ബോട്ടാണ് ഇതെന്നാണ് ലാംഡയിലെ ഒരു ഗവേഷകന്‍ അഭിപ്രായപ്പെട്ടതായി ബിബിസി പറയുന്നു. ഇതിനൊപ്പം തന്നെ നിലവിലെ സെര്‍ച്ച് എഞ്ചിനില്‍ പുതിയ എഐ ടൂളുകളും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാളുടെ ചോദ്യത്തിന് ഒരു കൂട്ടം ഉത്തരങ്ങള്‍ അല്ലാതെ കൃത്യമായ ഉത്തരം നൽകാനും വിവരങ്ങൾ കണ്ടെത്താനുമാണ് എഐ ചാറ്റ്ബോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും വിജയകരമായ പതിപ്പാണ് ഇപ്പോള്‍ പ്രശസ്തമായ ചാറ്റ് ജിപിടി. ഇന്‍റര്‍നെറ്റിനെ ഒരു ഡാറ്റബേസായി ഉപയോഗിച്ച് മീഷെന്‍ ലെണിംഗിന്‍റെ സാധ്യതകളും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ചാറ്റ് ജിപിടി വളരെ പ്രശസ്തമായതോടെയാണ് പുതിയ സംവിധാനം ഗൂഗിളും അവതരിപ്പിക്കുന്നത്.
ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഇന്ന് ശക്തമായ ഒരു സംവിധാനമാണ്. മനുഷ്യന്‍റെ ഭാഷ രീതികള്‍ എഐ പഠിക്കുന്ന വേഗതയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എഐ നേടുന്ന ശക്തിയെ ഇപ്പോള്‍ ലഭ്യമായ അറിവുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന അനുഭവമായിരിക്കും ബാർഡ് എന്നാണ് ഗൂഗിള്‍ തലവന്‍ സുന്ദർ പിച്ചൈ ബാര്‍ഡ് പ്രഖ്യാപിച്ച് ബ്ലോഗില്‍ എഴുതിയത്. ഭാഷ, ബുദ്ധി, സർഗാത്മകത എന്നിവയെ യോജിപ്പിച്ചുകൊണ്ടു പോകുന്ന രീതിയായിരിക്കും ബാർഡിനെന്നും ഗൂഗിൾ തലവന്‍ പറയുന്നു.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അയക്കുന്ന ഒരു ബഹിരാകാശ ചിത്രത്തെക്കുറിച്ചോ, ഫുട്‌ബോളിലെ മികച്ച താരത്തെക്കുറിച്ചോ ഒൻപതു വയസുള്ള ഒരു കുട്ടിക്കുപോലും മനസിലാകുന്ന രീതിയില്‍ വിശദീകരിക്കാന്‍ ഈ എഐ സംവിധാനത്തിന് സാധിക്കും എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
ഗൂഗിളിന്‍റെ എഐ സേവനങ്ങൾ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായിരിക്കും എന്ന് സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അടക്കം ചാറ്റ് ബോട്ടുകള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ബാർഡ് എങ്ങനെ പരിഹാരം ആകും എന്ന കാര്യത്തില്‍ പിച്ചൈ വിശദീകരണം ഒന്നും നല്‍കുന്നില്ല.
Content Highlights: Google Introduces 'Bard'; Google to challenge Chat GPT
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !