ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു.
മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. ഇത്തവണ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനനം.സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടിആര്‍ ബാലസുബ്രഹ്മണ്യന്‍, ആര്‍എസ് മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്‍.
1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ അവര്‍ ആശാ ഭോസ്ലെക്കൊപ്പം 'പക്കീസ' എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒപി നയ്യാര്‍, ആര്‍ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി.
മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍, 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ പാടിയ അവര്‍ എംഎസ് വിശ്വനാഥന്‍, എംബി ശ്രീനിവാസന്‍, കെഎ. മഹാദേവന്‍, എംകെ അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എആര്‍ റഹ്മാന്‍ എന്നിവരുടെയൊക്കെ പാട്ടുകള്‍ക്ക് ശബ്ദം നല്കി.
'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Singer Vani Jayaram passed away
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !