ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. തന്റെ പോരാട്ടം രാജ്യത്തിന് വേണ്ടിയാണെന്നും അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. രാഹുലിനെതിരായ നീക്കം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്ന് എഐസിസിയുടെ വാർത്താസമ്മേളനത്തിൽ മനു അഭിഷേക് സിങ്‌വിയും ആരോപിച്ചു. അയോഗ്യനാക്കിയതിന് ആധാരമായ കേസിലെ വിധി റദ്ദാക്കുന്നതിയായി മുൻപോട്ട് പോകുമെന്നും അവസാന വിജയം കോൺഗ്രസിനാകുമെന്നും സിങ്‌വി പറഞ്ഞു
मैं भारत की आवाज़ के लिए लड़ रहा हूं।
— Rahul Gandhi (@RahulGandhi) March 24, 2023
मैं हर कीमत चुकाने को तैयार हूं।
നിയമപരമായ വിഷയം എന്നതിലുപരിയായി ഈ രാജ്യത്തെയും പ്രതിപക്ഷ പാർട്ടികളെയും അവരുടെ നേതാക്കളെയും സംബന്ധിച്ചിടത്തോളം ഇതൊരു വലിയ രാഷ്ട്രീയ പ്രശ്നമാണ്. ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി പാർലമെന്റിന് അകത്തും പുറത്തും രാഷ്ട്രീയ വിഷയങ്ങളിലും, സാമ്പത്തിക കാര്യങ്ങളിലുമെല്ലാം നിർഭയമായി സംസാരിക്കുന്നയാളാണ്. അതിന്റെ വിലയാണ് ഇപ്പോൾ കൊടുക്കേണ്ടി വന്നത്. നോട്ട് നിരോധന വിഷയങ്ങളിലും ചൈനയുമായുള്ള പ്രശ്നങ്ങളിലുമെല്ലാം വസ്തുതകൾ നിരത്തി ചോദ്യം ചോദിക്കുന്ന രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാൻ പുതിയ വഴികൾ ബിജെപി കണ്ടെത്തുകയാണ്. വിദേശ രാജ്യങ്ങളിൽ വച്ച് രാഹുൽ, വ്യാജ ദേശീയതയ്ക്കും സാങ്കൽപ്പിക ദേശീയതയ്ക്കുമെതിരെ സംസാരിച്ചിട്ടുണ്ട്. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. എന്നാൽ തിരിച്ച് ഇന്ത്യയിൽ വരുമ്പോൾ അദ്ദേഹത്തിനെതിരെ പാർലമെന്റിൽ നടപടിയെടുക്കാനുള്ള പ്രധാന വിഷയമായി ഉയർത്തുന്നത് ഈ കാരണങ്ങളാണ്.
അയോഗ്യതയുടെ അടിസ്ഥാനമായ ശിക്ഷാവിധി സ്റ്റേ ചെയ്യുമെന്ന് ഉറപ്പുണ്ട്. നിയമത്തിൽ പൂർണമായി വിശ്വാസമുണ്ട്. സമീപഭാവിയിൽ വിജയികൾ കോൺഗ്രസ് തന്നെയാകുമെന്നും വിശ്വസിക്കുന്നുവെന്നും സിങ്‌വി പറഞ്ഞു.
രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മും തൃണമൂൽ കോൺഗ്രസും രാഷ്ട്രീയ ജനതാ ദളും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമെല്ലാം ബിജെപിയുടെ ഏകാധിപത്യ നടപടിയെ വിമർശിച്ചു. ഒരു കള്ളനെ കള്ളനെന്ന് വിളിക്കുന്നത് പോലും രാജ്യത്ത് കുറ്റകൃത്യമായെന്നാണ് ഉദ്ധവ് പ്രതികരിച്ചത്. ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 'Ready to pay any price, fight for the country': Rahul Gandhi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !