ഗോമൂത്രത്തിൽ ദോഷകരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നും മനുഷ്യർക്ക് നേരിട്ട് കഴിക്കാൻ അനുയോജ്യമല്ലെന്നും പഠനം. ഉത്തര്‍ പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിങിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മനുഷ്യർ നേരിട്ട് സേവിച്ചാൽ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളിൽ ഇ കോളി സാന്നിധ്യമുള്ള 14 തരം ദോഷകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് വയറ്റിലെ അണുബാധയ്ക്ക് കാരണമാകും. എന്നാല്‍ ചില ബാക്ടീരിയകൾക്കെതിരെ എരുമയുടെ മൂത്രം കൂടുതൽ ഫലപ്രദമാണെന്നും പഠനത്തില്‍ പറയുന്നു.
ഗവേഷണത്തിന്റെ കണ്ടെത്തലുകൾ ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച്ഗേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പശുക്കൾ, എരുമകൾ, മനുഷ്യർ എന്നിവരിൽ നിന്നുള്ള 73 മൂത്രസാമ്പിളുകളുടെ പഠനം കാണിക്കുന്നത് എരുമയുടെ മൂത്രത്തിന്റെ ആൻറി ബാക്ടീരിയൽ പ്രവർത്തനം ഗോമൂത്രത്തേക്കാൾ വളരെ കൂടുതലാണെന്നാണ്. എസ് എപിഡെർമിഡിസ്, ഇ റാപോണ്ടിസി തുടങ്ങിയ ബാക്ടീരിയകള്‍ക്കെതിരെ എരുമയുടെ മൂത്രം കൂടുതൽ ഫലപ്രദമാണ്. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി ഇനങ്ങളുടെ മൂത്രമാണ് പരിശോധിച്ചത്.
എന്നാൽ, ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ബാക്ടീരിയ ഇല്ലെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ടെന്നും ഇതിൽ കൂടുതൽ പഠനം നടത്തുമെന്നും ഭോജ് രാജ് സിങ് പറഞ്ഞു. ഗോമൂത്രത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പഠനത്തെ തള്ളി വെറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ മേധാവി ആര്‍ എസ് ചൗഹാന്‍ രംഗത്തെത്തി. ''ഞാൻ 25 വർഷമായി ഗോമൂത്രം സംബന്ധിച്ച് ഗവേഷണം നടത്തുന്നു. ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശുദ്ധീകരിച്ച ഗോമൂത്രം ക്യാന്‍സറിനെയും കോവിഡിനെയും പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്''- ചൗഹാന്‍ പറഞ്ഞു. ശുദ്ധീകരിച്ച ഗോമൂത്രമാണ് മനുഷ്യന് കുടിക്കാന്‍ യോഗ്യമെന്നും ചൗഹാന്‍ കൂട്ടിച്ചേർത്തു.
രാജ്യത്ത് വിവിധയിടങ്ങളില്‍ ഗോമൂത്രം കുടിക്കുന്നവരും വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണ് ഗോമൂത്രം ഇന്ത്യൻ വിപണിയിൽ വ്യാപകമായി വിൽക്കുന്നത്.
Content Highlights: 14 types of harmful germs in cow urine; Learning that humans cannot drink



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !