തൃശൂര്‍: കൈപ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൈപ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് ഉടമ കോഴിപറമ്പില്‍ മനോഹരനെ (68) ആണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചളിങ്ങാട് കല്ലിപറമ്പില്‍ അനസ് (20), കൈപ്പമംഗലം കുന്നത്ത് വീട്ടില്‍ അന്‍സാര്‍ (21), വഴിയമ്പലം കുറ്റിക്കാടന്‍ സ്റ്റീയോ (20) എന്നിവരെയാണ് ഇരിങ്ങാലക്കുട കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 17ന് വിധിക്കും.
2019 സെപ്റ്റംബര്‍ 15ന് രാവിലെയാണ് ഗുരുവായൂര്‍ മമ്മിയൂരില്‍ മനോഹരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അര്‍ധരാത്രിയില്‍ പമ്പില്‍ നിന്നും കാറില്‍ മടങ്ങിയ മനോഹരനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്. മനോഹരന്‍ സഞ്ചരിച്ചിരുന്ന കാര്‍ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലീസ് പിടികൂടി.
പമ്പില്‍ നിന്നും മടങ്ങുന്ന മനോഹരന്റെ കൈയിലെ പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒന്നാം പ്രതി അനസ് ആയിരുന്നു സൂത്രധാരന്‍. പെട്രോള്‍ പമ്പില്‍ നിന്ന് മനോഹരന്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒക്ടോബര്‍ 12ന് ഇതിന്റെ ട്രയല്‍ പ്രതികള്‍ നടത്തി. അടുത്ത ദിവസം പദ്ധതി ആസൂത്രണം ചെയ്‌തെങ്കിലും നടന്നില്ല. പിന്നീട് 14ന് അര്‍ധരാത്രിയാണ് പദ്ധതി നടപ്പിലാക്കിയത്.
പമ്പില്‍ നിന്നും കാറില്‍ ഇറങ്ങിയ മനോഹരന്‍ ഹൈവേയില്‍ നിന്നും ഇടവഴിയിലേക്ക് കയറിയപ്പോള്‍ പ്രതികള്‍ കാറിന് പിറകില്‍ മനപ്പൂര്‍വ്വം ഇടിപ്പിച്ചു. അനസ് വീണത് പോലെ നിലത്ത് കിടന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ മനോഹരനെ മൂന്നുപേരും ചേര്‍ന്ന് വായ പൊത്തി പിടിക്കുകയും ഇരു കൈകളും പിറകിലേക്ക് കുട്ടിക്കെട്ടുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൂവരും ചേര്‍ന്ന് പിടിച്ചുകെട്ടി കാറിന്റെ പിന്‍വശത്തേക്ക് തള്ളിയിട്ടു. പണം ആവശ്യപ്പെട്ട് മര്‍ദിച്ചു. പോക്കറ്റില്‍ വെറും 200 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമണിക്കൂറോളം കാറില്‍ സഞ്ചരിച്ച് മര്‍ദിച്ചു. കളിത്തോക്ക് പൊട്ടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. എറണാകുളത്തേക്കുള്ള യാത്രക്കിടെ പറവൂരിലെത്തിയപ്പോഴാണ് മനോഹരന്‍ ശ്വാസംമുട്ടി മരിച്ചത്. പറവൂരും കളമശേരിയിലും ചാലക്കുടിയിലും ചാവക്കാടും കറങ്ങിയെങ്കിലും ഗുരുവായൂരില്‍ മമ്മിയൂരില്‍ പഴയ കെട്ടിടത്തിനടുത്ത് മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. ശേഷം അങ്ങാടിപ്പുറത്ത് എത്തിയ മൂവര്‍ സംഘം കാര്‍ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പ്രതികളിലൊരാളുടെ ടവര്‍ലൊക്കേഷനാണ് പെരുമ്പിലാവില്‍ ഒളിവിലായിരുന്ന മൂവ്വരേയും കുടുക്കിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍.കെ.ഉണ്ണികൃഷ്ണന്‍ ഹാജരായി.
Content Highlights: Gas station owner kidnapped and killed; All three accused are guilty, sentenced to 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !