കുതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, കരമന, കൃഷ്ണൻകുട്ടി നായർ, ഫിലോമിന, കെപിഎസി ലളിത, ഇന്നസെന്റ്. മലയാള സിനിമയില്‍ ഹാസ്യത്തിന്റെ മുഖങ്ങളായിരുന്നു ഇവരെല്ലാവരും. പല ഘട്ടങ്ങളിലായി എല്ലാവരും കൂടൊഴിഞ്ഞു. ഇപ്പോള്‍ ഇതാ ഈ ശ്രേണിയില്‍ നിന്ന് ഒടുവിലായി മാമുക്കോയയും. മലയാളികളെ കൈമെയ് മറന്നു പൊട്ടിച്ചിരിച്ച ഇവരെല്ലാം സ്ക്രീനില്‍ നിന്നു മറയുകയാണ്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് മാമുക്കോയ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം എത്തിയത്.
മാമുക്കോയ മരിക്കുന്നതിന് തൊട്ടുമുന്‍പ് വിട പറഞ്ഞത് ഇന്നസെന്റായിരുന്നു. ആ നടുക്കം മാറും മുന്‍പാണ് മാമുക്കോയ കൂടി വിട പറയുന്നത്. മലയാളികളെ കുടുകുടു ചിരിപ്പിച്ച ഇന്നസെന്റിന്റെയും മാമുക്കോയയുടെയും ജീവിതത്തില്‍ വില്ലനായി മാറിയത് കാന്‍സറായിരുന്നു. ഇതിനിടയിലും പരസ്പരം താങ്ങാകാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്തിരുന്നു. ഇന്നസെന്റിനു കാന്‍സര്‍ സ്ഥിരീകരിച്ച് ഏറെക്കഴിഞ്ഞാണ് മാമുക്കോയയ്ക്കും കാന്‍സര്‍ വന്നത്. റേഡിയേഷനും കീമോയും ഒക്കെ കഴിഞ്ഞു സുഖം പ്രാപിച്ച് വരുന്ന സമയത്താണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണമെത്തുന്നത്.
മാമുക്കോയയ്ക്ക് കാന്‍സര്‍ വന്നപ്പോള്‍ വിളിച്ച് ആശ്വസിപ്പിച്ചത് ഇന്നസെന്റായിരുന്നു. ഒന്നും പേടിക്കാനില്ല. എല്ലാം മാറും എന്നൊക്കെയുള്ള ഇന്നസെന്റിന്റെ ആശ്വാസവാക്കുകളാണ് അന്ന് മാമുക്കോയയ്ക്ക് തുണയായത്. കാന്‍സര്‍ വന്നു ഭേദം തോന്നിയപ്പോള്‍ മാമുക്കോയ നെടുമുടി വേണുവിനെ വിളിച്ചിരുന്നു. ഞാൻ ഒന്നു ഹോസ്പിറ്റലിലേക്ക് പോവാണ്. ചെക്കപ്പ് ചെയ്യണം വന്നിട്ട് ഞാൻ വിളിക്കാം എന്ന് പറഞ്ഞ നെടുമുടി പിന്നെ വിളിച്ചില്ല. അപ്പോള്‍ ഫോൺ വെച്ചതാണ്. പിന്നെ കേള്‍ക്കുന്നത് നെടുമുടിയുടെ മരണവാര്‍ത്തയാണെന്ന് മാമുക്കോയ പറഞ്ഞിരുന്നു.
കോഴിക്കോടന്‍ സംസാരവും ഭാഷാശൈലിയുമായാണ് മാമുക്കോയ നിറഞ്ഞു നിന്നത്. ഇന്നസെന്റ് തൃശൂര്‍ ഭാഷ ഉപയോഗിച്ച് താരമായി മാറിയപ്പോള്‍ കോഴിക്കോടന്‍ ഭാഷയുടെ അനന്തസാധ്യതകളാണ് മാമുക്കോയ ഉപയോഗിച്ചത്. ഈ രീതിയില്‍ അഭിനയത്തില്‍ കത്തിക്കയറാനും മാമുക്കോയക്ക് സാധിച്ചു. കോഴിക്കോടിനെ മുഴുവന്‍ ആഗിരണം ചെയ്ത അഭിനയശൈലിയായി മാറി മാമുക്കോയയുടേത്.
സോഷ്യല്‍ മീഡിയ സജീവമായപ്പോള്‍ മാമുക്കോയ തഗ്ഗുകളുടെ രാജാവായി. തഗ് ലൈഫ് സുല്‍ത്താനെന്ന വിളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര് സുല്‍ത്താനെന്നല്ല മഹാരാജാവെന്ന് പറഞ്ഞാലും സന്തോഷേള്ളൂ ..ഞാനിതൊക്കെ ആസ്വദിക്കാണ്...'' എന്നായിരുന്നു മാമുക്കോയയുടെ മറുപടി. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസക്കുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങള്‍.എല്ലാം മാമുക്കോയ് അനശ്വരമാക്കി.
മാമുക്കോയയെ സത്യന്‍ അന്തിക്കാടിന് പരിചയപ്പെടുത്താനും അഭിനയിപ്പിക്കാനും ഉത്സാഹം കാണിച്ചത് ശ്രീനിവാസനായിരുന്നു. മാമുക്കോയയുടെ നാടകാഭിനയം കണ്ടു ചിരിച്ച് തളര്‍ന്നപ്പോഴാണ് മാമുക്കോയയെ സിനിമയില്‍ എടുക്കാന്‍ ശ്രീനിവാസന്‍ മുന്നിട്ടിറങ്ങിയത്. മെലിഞ്ഞു ഉണങ്ങിയ കോലവും മുന്നോട്ടു ഉന്തിയ പല്ലുകളും കണ്ടു സത്യന്‍ അന്തിക്കാട് തന്നെ സംശയിച്ച് പോയിരുന്നു. മാമുക്കോയ ശരിയാകുമോ എന്ന സംശയമായിരുന്നു അന്തിക്കാടിന് ഉണ്ടായിരുന്നത്. പക്ഷെ ക്യാമറയ്ക്ക് മുന്‍പില്‍ മാമുക്കോയ തകര്‍ത്താടി. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത് എന്നാണ് അന്തിക്കാട് പിന്നീട് മാമുക്കോയയെക്കുറിച്ച് പറഞ്ഞത്. അന്തിക്കാട് സിനിമകളുടെ അവിഭാജ്യ ഘടകമായിപിന്നീട് മാമുക്കോയ മാറുകയും ചെയ്തു.
മോഹൻലാൽ-മാമുക്കോയ-ശ്രീനിവാസൻ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ക്യാമറയ്ക്ക് മുന്‍പില്‍ അനായാസം അഭിനയിക്കുന്ന രണ്ടു നടന്മാരില്‍ ഒരാള്‍ മോഹന്‍ലാലും മറ്റൊരാള്‍ മാമുക്കോയയുമാണ് എന്നാണ് സത്യന്‍ അന്തിക്കാട് എഴുതിയത്. റാംജിറാവു സ്പീക്കിംഗ് സിനിമയില്‍ സെക്യൂരിറ്റി ആരെ കാണാനാണ് വന്നത് എന്ന് ചോദിക്കുമ്പോള്‍ കുപിതനായി 'പടച്ചമ്പുരാനെ കാണണം. ഒന്ന് വിളിച്ച് കാണിക്കാമോ' എന്ന് ചോദിക്കുന്ന മാമുക്കോയ, തലയണമന്ത്രത്തിൽ കരാട്ടെ അധ്യാപകനായ ഇന്നസെന്റിന്റെ മുഖത്ത്, ഒരു മൂലയിൽ കൊണ്ടുപോയി അടിവെച്ചുകൊടുക്കുന്ന മാമുക്കോയ. അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങളാണ് ഈ നടന്‍ പകര്‍ന്നു നല്‍കിയത്. എല്ലാ കാലവും മലയാളികളെ ചിരിപ്പിക്കാന്‍ ഈ അഭിനയമുഹൂര്‍ത്തങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്നു.
സിനിമയില്‍ ഗ്ലാമര്‍ മാനദണ്ഡമായപ്പോള്‍ അതെല്ലാം തിരുത്തിക്കുറിച്ചാണ് ശ്രീനിവാസനൊപ്പം മാമുക്കോയയും മലയാള സിനിമയുടെ മുഖമായത്. മാമുക്കോയയും ശ്രീനിവാസനുമൊക്കെ ഗ്രാമീണതയുടെ ഈ പൊതു പ്രാതിനിധ്യമായി മാറുകയും ചെയ്തു. സിനിമാ ഷൂട്ടിംഗുകള്‍ കോഴിക്കോട് നടക്കുമ്പോള്‍ സെറ്റിലേക്ക് മാമുക്കോയ കോഴിക്കോടന്‍ ബിരിയാണി എത്തിക്കുമായിരുന്നു. ശ്രീനിവാസനും ഇങ്ങനെ ബിരിയാണി എത്തിക്കാന്‍ മാമുക്കോയ മുന്‍പന്തിയിലുണ്ടായിരുന്നു.
മാമുക്കോയയോട് ശ്രീനിവാസന് ബിരിയാണി എത്തിക്കാന്‍ കാണിക്കുന്ന ഉത്സാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിടിലന്‍ മറുപടിയാണ് മാമുക്കോയ നല്‍കിയത്. ശ്രീനിവാസന്‍ എന്റെ പെങ്ങളെ കെട്ടിയ ആളൊന്നുമല്ലല്ലോ.. ശ്രീനിവാസന് ഞാന്‍ പണം കൊടുക്കാനുണ്ട്. ആ പണം ഞാന്‍ നല്‍കില്ല. പകരം ബിരിയാണി നല്‍കുന്നു എന്ന മറുപടിയാണ് മാമുക്കോയ നല്‍കിയത്. ചിരിയുടെയും സൗഹൃദത്തിന്റെയും വിശാലമായ ലോകമാണ് മാമുക്കോയ ഇങ്ങനെ കെട്ടിപ്പടുത്തത്. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതുമ്പോൾ അതില്‍ പ്രധാനിയായി മാമുക്കോയകൂടിയുണ്ടാകും. ആ രീതിയിലുള്ള അഭിനയത്തിന്റെ രേഖപ്പെടുത്തല്‍ നടത്തിയാണ് മാമുക്കോയ വിട പറഞ്ഞത്.
✍️: എന്റർടൈൻമെന്റ് ഡെസ്ക്, മീഡിയ വിഷൻ ലൈവ്
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !