ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പ്ലേ ഓഫിനിടെ മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ പിന്‍വലിച്ച സംഭവത്തില്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചും. സംഭവത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടീമിനും കോച്ചിനുമെതിരേ നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായി കോച്ചും ടീം മാനേജ്‌മെന്റും രംഗത്തെത്തിയത്.
ഔദ്യോഗിക പേജിലൂടെയായിരുന്നു മാപ്പപേക്ഷ. ഇത്തരം സംഭവങ്ങളുടെ ഭാഗമാകേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നു വുകുമനോവിച്ച് പറഞ്ഞപ്പോള്‍ അന്നു നടന്ന സംഭവങ്ങള്‍ അപക്വവും നിര്‍ഭാഗ്യകരവുമാണെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ ഔദ്യോഗിക പ്രസ്താവന.
കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന്‍ വുകുമനോവിച്ചിനുമെതിരേ കടുത്ത നടപടിയുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ രംഗത്തു വന്നത്. വുകുമനോവിച്ചിനു അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്നു വിലക്കും ഏര്‍പ്പെടുത്തിയ എഐഎഫ്എഫ് കേരളാ ബ്ലാസ്റ്റേഴ്സിനു നാലു കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. കൂടാതെ സംഭവത്തില്‍ പരസ്യമായി മാപ്പു പറയാനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
മാപ്പ് പറയാന്‍ കൂട്ടാക്കാത്ത പക്ഷം രണ്ടു കോടി രൂപ കൂടി അധികമായി പിഴ ഈടാക്കുമെന്നും എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മാപ്പ് പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഐ.എസ്.എല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ബംഗളുരു എഫ്.സിക്കെതിരേ മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ പിന്‍വലിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ ബംഗളുരു എഫ്.സി. ഗോള്‍ നേടിയതിനു പിന്നാലെയാണ് ഗോളില്‍ പ്രതിഷേധിച്ച് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.
ബംഗളുരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പ്രതിരോധിക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മതില്‍കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി ബംഗളുരു നായകന്‍ സുനില്‍ ഛേത്രി കിക്കെടുക്കുകയായിരുന്നു. എന്നാല്‍ ഛേത്രി നേടിയ ഗോള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചു തര്‍ക്കിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വാദം റഫറി ചെവിക്കൊള്ളാതെ വന്നതോടെയാണ് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്. പിന്നീട് മാച്ച് റഫറിയടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും വീണ്ടും കളത്തിലിറങ്ങാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറായില്ല.
Content Highlights: Blasters and the coach finally apologize And Vukumanovic





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !