ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ബാഗ് ധരിച്ച ഒരാൾ ഇടറോഡിലുടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. സംഭവത്തിനു പിന്നാലെ പൊലീസ് ഈ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.
ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിനു തൊട്ടടുത്താണ് റെയിൽവേ ട്രാക്കും റെയിൽവേ ക്രോസിങ്ങുമുള്ളത്. അവിടെനിന്ന് നടന്നുവന്നയാളാണ് പള്ളിക്കു സമീപം റോഡരികിൽ അൽപനേരം നിൽക്കുന്നതായി കാണുന്നത്. ഇയാൾ ഫോണിൽ സംസാരിച്ചാണു നിൽപ്പ്. ചുവപ്പു കള്ളി ഷർട്ടാണു വേഷം. അക്രമിയെക്കുറിച്ച് ട്രെയിനിലെ സഹയാത്രികർ നൽകിയ വിവരങ്ങളുമായി ചേർന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ വസ്ത്രം ഉൾപ്പെടെയുള്ളവ. അൽപനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക്ക് സമീപത്തു നിർത്തുന്നതും ഇയാൾ അതിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു. ഫൊറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം.
ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലിഷിൽ ‘എസ്’ എന്ന രീതിയിൽ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്.
പല തീയതികളും റെയിൽവേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ബാഗിൽനിന്ന് മൊബൈൽ ഫോൺ, കണ്ണട, പഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർകോട്ട്, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവം. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്.
Video:
Content Highlights: The CCTV footage of the suspect who set fire to the train is out


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !