പുൽവാമ വെളിപ്പെടുത്തൽ വിഷയത്തിലും യു.പി.യിലെ അതീഖ് അഹമ്മദിൻ്റെയും സഹോദരൻ അഷ്റഫ് അഹമ്മദിൻ്റെയും കൊലപാതക വിഷയത്തിലും മുസ്ലീം ലീഗ് മൗനം പാലിക്കുന്നതിൽ പരിഹാസ എഫ്.ബി പോസ്റ്റുമായി ഡോ.കെ .ടി.ജലീൽ രംഗത്ത്. ഭയപാട് മടിയിൽ കനമുള്ളത് കൊണ്ടാണോ എന്നും, ബനാത്ത് വാലയുടെയും ഇബ്രാഹീം സുലൈമാൻ സേട്ടുവിൻ്റെയും വിടവ് ലീഗ് നേതൃത്വത്തിൽ ഇനിയും നികന്നിട്ടില്ലന്നും കെ.ടി.ജലീൽ പറഞ്ഞ് വെക്കുന്നു.
എഫ്.ബി പോസ്റ്റിൻ്റെ പൂർണ്ണരൂപം...
പുൽവാമയിലും ''പ്രകൃതി നിയമമോ"?
ഡോ:കെ.ടി.ജലീൽ
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ രണ്ട് മാസം മുമ്പ് അഥവാ 2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ 40 ജവാൻമാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വാർത്ത കേട്ട് രാജ്യം ഞെട്ടിത്തരിച്ചു. ഒരുപാട് സംശങ്ങൾ അന്ന് തന്നെ പ്രസ്തുത ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ആരും പക്ഷെ, ഒന്നും മിണ്ടുകയോ പറയുകയോ ചെയ്തില്ല.
എന്തെങ്കിലും പറഞ്ഞാൽ രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെടുമോ എന്ന് ഭയന്ന് മുഖ്യധാരാ പാർട്ടികളും അവയുടെ നേതാക്കളും മൗനികളായി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ മാത്രം ആർജ്ജവത്തോടെ സംശയങ്ങൾ പങ്കുവെച്ചു. അതാണിപ്പോൾ സത്യമാണെന്ന് തെളിയുന്നത്?
രാജ്യത്തുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും വർഗീയ കലാപങ്ങളും നടന്നത് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൻ്റെ വിളിപ്പാടകലെ വെച്ചായതിൽ യു.പി മന്ത്രിമാരുടെ ഭാഷയിലെ വല്ല "പ്രകൃതിയുടെ നിയമവും"പ്രവർത്തിച്ചിട്ടുണ്ടാകുമോ?
അതീവ സുരക്ഷിത മേഖലയിലേക്ക് അത്യന്തം മാരകമായ സ്ഫോടക വസ്തുക്കളുമായി ഒരു ഭീകരവാദിക് വണ്ടി ഓടിച്ച് വന്ന് സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ എങ്ങിനെ സാധിച്ചു? റോഡ് മാർഗ്ഗമുള്ള പട്ടാളക്കാരുടെ ഒന്നിച്ചുള്ള യാത്രയിലെ അപകടം മണത്ത സൈനിക മേധാവികൾ വിമാനം വഴി പട്ടാളക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്തേ പ്രതിരോധ മന്ത്രാലയം അത് നിരസിച്ചത്?
ജമ്മു കാശ്മീർ മുൻ ഗവർണ്ണർ സത്യപാൽ മാലിക്കിൻ്റെ നിർണ്ണായക വെളിപ്പെടുത്തലിന് ശേഷം എത്ര ദിനരാത്രങ്ങൾ പിന്നിട്ടു! പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഔദ്യോഗികമായി അതിനോട് പ്രതികരിക്കാത്തത് എന്താണ്?
മുൻ കരസേന മേധാവി ജനറൽ റിട്ടയേഡ് ശങ്കർറോയ് ചൗധരി പുൽവാമയിലെ ദുരന്തം സർക്കാർ അനാസ്ഥ മൂലമാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലും ഇതിനുത്തരവാദികളാണെന്നും അദ്ദേഹം "The Telegraph" ന് നൽകിയ അഭിമുഖത്തിൽ മറയില്ലാതെ വെളിപ്പെടുത്തി. അതീവ ഗൗരവമേറിയ ഈ പ്രസ്താവനയോടും ഈ നിമിഷം വരെ ബന്ധപ്പെട്ടവരാരും കേട്ടതായി നടിക്കാത്തത് എന്ത് കൊണ്ടാകും?
മരിച്ച വീര ജവാൻമാരിൽ രാജസ്ഥാൻ, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യു.പി, ആസ്സാം, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ഒഡീഷ്യ, ബീഹാർ, കേരള, മധ്യപ്രദേശ്, കർണ്ണാടക, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെല്ലാമുള്ള പട്ടാളക്കാർ ഉണ്ടായിരുന്നു. ഇതിൽ എന്തെങ്കിലും ''അസ്വാഭാവികത" ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാകുമോ? പ്രധാനപ്പെട്ട ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ധീര രക്തസാക്ഷിത്വം വരിച്ചവരിൽ ഉൾപ്പെട്ടിരുന്നതിനാൽ രാജ്യവ്യാപകമായി പുൽവാമയുടെ കണ്ണുനീർ പടർന്നു. ആ കണ്ണീരിൻ്റെ ബലത്തിൽ വോട്ട് നേടി വിജയിച്ചവരുടെ നാക്ക് ഇറങ്ങിപ്പോയോ?
നിശബ്ദത കുറ്റകരമാകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഉത്തമ പൗരൻമാർ എന്ന നിലയിൽ ഭരണകർത്താക്കളോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. അതാണ് ജനാധിപത്യത്തിൻ്റെ സ്പിരിറ്റ്. ചോദ്യങ്ങൾ അവസാനിക്കുന്നേടത്ത് ജനാധിപത്യത്തിൻ്റെ ഹൃദയമിടിപ്പ് നിലക്കും.
2024 ൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വരാൻ പോകുന്നു. മോദിക്ക് ഹാട്രിക് തികക്കാൻ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കറിയാം? ഭാരതീയരേ, ജാഗരൂകരാവുക. യാത്രക്ക് വിമാനം നിഷേധിച്ച് നാൽപത് ജവാൻമാരുടെ ജീവന് പുല്ലുവില കൽപ്പിച്ചവർക്ക് നമ്മളൊക്കെ വെറും "പുഴുക്കൾ"? പുഴുക്കൾ മാത്രം!
യു.പിയിൽ നിന്നുള്ള മുൻ എം.പിയും പല കേസുകളിലും കുറ്റാരോപിതനുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസ് കസ്റ്റഡിയിൽ നടുറോട്ടിലിട്ട് ജയ് ശ്രീറാം വിളിച്ച് വെടിവെച്ച് കൊന്നിട്ടും പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ജമ്മുകാശ്മീർ മുൻ ഗവർണ്ണറുടെയും മുൻ കരസേനാ മേധാവിയുടെയും വെളിപ്പെടുത്തലുകൾ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചിട്ടും മുസ്ലിംലീഗ് എന്താണ് "വാ" തുറക്കാത്തത്? എല്ലാവരും വിദേശത്ത് കറക്കത്തിലായത് കൊണ്ടാണോ? അതോ റംസാൻ്റെ അവസാന നാളുകളിൽ നേതാക്കളെല്ലാം ആരാധനാ കർമ്മങ്ങളിൽ മുഴുകിയതിനാലാണോ? ലീഗിലെ പ്രമുഖ നേതാക്കളുടെ എഫ്.ബി എക്കൗണ്ടുകൾ നോക്കി. അവരൊക്കെ മറ്റേതോ "ഗ്രഹ"ത്തിലാണ് ജീവിക്കുന്നത് എന്നാണ് തോന്നിയത്. ഇത്രമാത്രം "ഭയപ്പാട്" എന്തിനാണ് മുസ്ലിംലീഗിന്? ആരുടെയെങ്കിലും മടിയിൽ വല്ല "കനവു"മുണ്ടോ? അതല്ല പെരുന്നാൾ കഴിഞ്ഞ് ഒരു കോഴി ബിരിയാണിയൊക്കെ കഴിച്ച് അഭിപ്രായം പറയാം എന്ന് കരുതി കാത്തിരിക്കുകയാണോ? സേട്ടു സാഹിബിൻ്റെയും ബനാത്ത് വാലാ സാഹിബിൻ്റെയും വിടവ് ലീഗ് നേതൃത്വത്തിൽ ഇനിയും നികന്നിട്ടില്ലെന്ന പ്രഖ്യാപനം കൂടിയാണ് ലീഗ് നേതൃത്വത്തിൻ്റെ കുറ്റകരമായ ഈ നിസ്സംഗത!
Content Highlights: Dr. K. T. Jalil asked why the league did not open "wa" on the issues that shook the country.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !