മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ തീയതി: 10-05-2023

0

താനൂര്‍ ബോട്ടപകടം:  റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും

മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മീഷന്‍ അംഗങ്ങളായിരിക്കും. 

ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ധനസഹായം

ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് നാഗ്പൂരില്‍ എത്തി അവിടെ വെച്ച് അസുഖം ബാധിച്ച് മരണപ്പെട്ട ആലപ്പുഴ, അമ്പലപ്പുഴ നിദാ ഫാത്തിമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്താണ് തീരുമാനം.

ജോലി സമയത്തില്‍ ഇളവ്

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം, മാനസിക വളര്‍ച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളില്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് ജോലി സമയത്തില്‍ ഇളവു നല്‍കും.  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ക്കു പുറമേ ഒരു മാസം ആകെയുള്ള ജോലി സമയത്തില്‍ പരമാവധി 16 മണിക്കൂര്‍ കൂടിയാണ് ഇളവ് അനുവദിക്കുന്നത്.
 
സ്ഥലം അനുവദിച്ചു

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (KMSCL) മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള കേന്ദ്രം നിര്‍മ്മിക്കുന്നതിനും ആസ്ഥാനമന്ദിരം വിപുലീകരിക്കുന്നതിനുമായി സ്ഥലം അനുവദിച്ചു. 

തിരുവനന്തപുരം തൈക്കാട് വില്ലേജിലാണ് ഒരു ഏക്കര്‍ 22 സെന്റ് സ്ഥലം 21,07,631 രൂപ വാര്‍ഷിക പാട്ടം ഈടാക്കി 30 വര്‍ഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കുന്നത്.

കരട് ബില്ലിന് അംഗീകാരം

അബ്കാരി നിയമം 67 A പ്രകാരം രാജിയാക്കാവുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത 55 H, 55 I സെക്ഷനുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിഴത്തുക 50,000 രൂപയായി ഉയര്‍ത്തി അബ്കാരി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി. കുറ്റകൃത്യങ്ങളുടെ ഡിക്രിമിനലൈസേഷന്‍ നടപടികളുടെ ഭാഗമായി നടപടി. 

തസ്തിക സൃഷ്ടിച്ചു

നാട്ടിക എസ്.എന്‍. കോളേജില്‍ മൂന്ന് പുതിയ മലയാള അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 

കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ മൂന്നു പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ജോയിന്റ് ഡയറക്ടര്‍, കണ്‍സള്‍റ്റന്റ്, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. ആദ്യത്തെ രണ്ട് തസ്തികകള്‍ കരാര്‍ അടിസ്ഥാനത്തിലും മൂന്നാമത്തേത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ദിവസ വേതനത്തിലുമാണ്. 

ശമ്പള പരിഷ്‌ക്കരണം

സപ്ലൈകോ ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പ് അംഗീകരിച്ച ശമ്പള സ്‌കെയിലും നിബന്ധനകളും ഉള്‍പ്പെടുത്തി 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ചു. 

കുടിശ്ശിക നല്‍കും

നദികളില്‍ അടിഞ്ഞുകൂടിയ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ബില്‍ത്തുക അനുവദിക്കാന്‍ തീരുമാനിച്ചു. 40,36,08,265 (നാല്പതു കോടി മുപ്പത്തിയാറുലക്ഷത്തി എണ്ണായിരത്തി ഇരുന്നുറ്റി അറുപത്തി അഞ്ചുരൂപ) രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. പ്രളയാനന്തരം നദികളില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് തയ്യാറാക്കിയ കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 

പുതിയ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍

കൊല്ലം ജില്ലയിലെ ഓയൂരില്‍ പുതിയ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.

വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി

വിവര പൊതുജന സമ്പര്‍ക്ക വകുപ്പിലേക്ക് പുതിയ എട്ട് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.

പരിഹാര വനവല്‍ക്കരണത്തിന് ഭൂമി  കൈമാറാന്‍ അനുമതി

പാലക്കാട് ഐ.ഐ.ടിക്കുവേണ്ടി വനംവകുപ്പില്‍ നിന്നും ഏറ്റെടുത്ത 18.14 ഹെക്ടര്‍ ഭൂമിക്കു പകരം  അട്ടപ്പാടി താലൂക്കില്‍ 20.022 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് പരിഹാര വനവല്‍ക്കരണത്തിനായി കൈമാറാന്‍ അനുമതി നല്‍കി.
Content Highlights: Cabinet decisions

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !