തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ രാവിലെ 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഐടി ജീവനക്കാരടക്കം എട്ട് പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തു. അഞ്ച് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. പിടിയിലായവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ ഡോം മേധാവി ഐജി പി പ്രകാശ് അറിയിച്ചു.
സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്റെ ഒരോഘട്ടവും പുരോഗമിക്കുന്നത്.
കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തില്‍ സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തിലാണ്. സൈബര്‍ഡോമും ഇന്റര്‍പോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്‌ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പില്‍ നിരവധി രഹസ്യഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകള്‍ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇനിയും പി ഹണ്ട് തുടരും എന്ന സൂചനയാണ് കേരള പൊലീസ് നല്‍കുന്നത്.
Content Highlights: Operation P Hunt; 133 cases were registered in the state-wide raid
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !