അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാർക്ക് മെയ് അഞ്ചിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിക്കും. അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിശിഷ്ടാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ, അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.
കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിൽ കൂരടയിലുള്ള 1.5 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അസാപ് പൂർത്തീകരിച്ചു വരുന്ന രണ്ടാംഘട്ട കമ്മ്യൂണിറ്റി പാർക്കുകളിൽ അഞ്ചാമത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് തവനൂരിലേത്. യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ മികച്ച തൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. 17.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു നിലകളിലായി 27,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പദ്ധതിയുടെ പ്രധാന കെട്ടിടം നിർമ്മിച്ചിരിക്കുന്നത് നൂതനമായ ഫാബ് ടെക്‌നോളജിയിലാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ലാബുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ പരിശീലനം ലഭിക്കും.
Content Highlights:ASAP Social Skills Park in Tavanur ready for inauguration
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !