കൊച്ചി: കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് ആകാൻ ഒരുങ്ങുകയാണ് എറണാകുളത്തെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ ക്വീൻസ് വോക്ക് വേ. ഹൈബി ഈഡൻ എംപിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഡോ ശശി തരൂർ എംപി നിർവഹിക്കും. വോക്ക് വേയിൽ പൊതു ശുചിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങിന് ശേഷം ഗന്ധർവാസ് മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന സംഗീത സയാഹ്നവും ഉണ്ടായിരിക്കുo.
ഗോശ്രീ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് 50 എംബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സർക്യൂട്ട് ആണ് ബിഎസ്എൻഎൽ തയാറാക്കിയിരിക്കുന്നത്.
വാക്ക് വേയിൽ സ്ഥാപിച്ചിരിക്കുന്ന 9 പോളുകളിൽ നിന്നായി 18 ആക്സെസ് പോയിന്റുകൾ നൽകിയിട്ടുണ്ട്. ഒരു പോയിന്റിൽ നിന്ന് ഒരേ സമയം 75 ഓളം പേർക്ക് മികച്ച വേഗത്തിൽ വൈഫൈ സൗകര്യം ലഭ്യമാകും.
ഒരോ വ്യക്തിക്കും ഒരു ദിവസം 5 എംബിപിഎസ് സ്പീഡിൽ 30 മിനിറ്റ് എന്ന രീതിയിൽ വൈഫൈ പരിമിതപ്പെടുത്തും. ഉപയോഗത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗജന്യ സമയം നീട്ടുന്ന കാര്യം പരിഗണിക്കും. മൂന്നു വർഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമായാണ് എം പി ഫണ്ടിൽ നിന്നും ബി എസ് എൻ എല്ലിന് തുക അനുവദിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ സി എസ് ആർ പിന്തുണയോടെയാണ് പൊതു ശുചിമുറി സ്ഥാപിച്ചിരിക്കുന്നത്. ക്രെഡായി ക്ളീൻ സിറ്റി - ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പാണ് ശുചിമുറികളുടെ നിർമാണം നടത്തിയിരിക്കുന്നത്. 20 അടി നീളമുള്ള ഒരു ഷിപ്പിങ്ങ് കണ്ടെയ്നറിലാണ് ശുചിമുറി സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള അലൂമിനിയം പാനലുകൾ ഉപയോഗിച്ചാണ് ഇന്റീരിയർ വർക്കുകൾ പൂർത്തീകരിച്ചിട്ടുള്ളത്.
2015 ൽ ഹൈബി ഈഡൻ എം എൽ എ ആയിരുന്ന കാലയളവിലാണ് ക്വീൻസ് വോക്ക് വേ നിർമാണം നടത്തിയത്. പിന്നീട് എം എൽ എ ഫണ്ടിൽ നിന്നും സിസിടിവി ക്യാമറകൾ, ഓപ്പൺ ജിം, ഐ ലവ് കൊച്ചി ഇൻസ്റ്റലേഷൻ, വിവിധ സി എസ് ആർ ഫണ്ടുകൾ ഉപയോഗിച്ച് ലൈറ്റുകൾ തുടങ്ങിയവയും എം പി യുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: Ernakulam's 'Queen's Walkway' to become Kerala's first free Wi-Fi street
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !