സംസ്ഥാനത്തെ അവസാന ഹജ് വിമാനം വ്യാഴാഴ്ച രാവിലെ 8.50 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നതോടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകൾക്ക് സമാപനമാകും. സമാപന സംഗമം കരിപ്പൂർ ഹജ് ക്യാമ്പിൽ കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുഹ് മാൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ പുതിയ ഹജ്ജ് ഹൗസ് തുടങ്ങുന്നതിന് ശ്രമം തുടങ്ങിയതായി മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷനായി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.മൊയ്തീൻ കുട്ടി, ഡോ. ഐ. പി അബ്ദുൽ സലാം, കെ. എം. മുഹമ്മദ് ഖാസിം കോയ, കെ. ഉമർ ഫൈസി മുക്കം, കെ.പി. സുലൈമാൻ ഹാജി, എ.ഡി.എം. എൻ.എ മെഹറലി, എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിൽ നിന്നും ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി പുറപ്പെടാനായത് തീർത്ഥാടകർക്ക് ഏറെ സൗകര്യമായതായി മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെട്ടവരുടെ എണ്ണം (വ്യാഴാഴ്ചത്തെ വിമാനങ്ങൾ ഉൾപ്പെട) 11252 പേരാണ്. പുരുഷന്മാർ-4353, സ്ത്രീകൾ- 6899. കൂടാതെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി വിവിധ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 304 തീർത്ഥാടകരും കേരളം വഴിയാണ് പുറപ്പെട്ടത്. കേരളം, മറ്റു സംസ്ഥാനം ഉൾപ്പടെ ആകെ തീർത്ഥാടകർ - 11556.
ഏറ്റവും കൂടുതൽ തീർത്ഥാടകർ പുറപ്പെട്ടത് കരിപ്പൂർ എംബാർക്കേഷൻ പോയിന്റിൽ നിന്നാണ്- 7045. ഇതിൽ 4370 പേർ സ്ത്രീകളാണ്. കരിപ്പൂരിൽ നിന്ന് 49 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലായി (അഞ്ച് അധിക വിമാനം ഉൾപ്പടെ) 7045 ഉം കണ്ണൂരിൽ നിന്ന് 14 വിമാനങ്ങളിലായി (ഒരു അധിക വിമാനം ഉൾപ്പടെ) 2030 ഉം കൊച്ചിയിൽ നിന്ന് ആറ് സഊദി എയർലൈൻസ് വിമാനങ്ങളിലായി
2481 ഉം തീർത്ഥാടകരാണ് പുറപ്പെടുന്നത്. ആകെ 69 വിമാനങ്ങളാണ് ഈ വർഷം ഹാജിമാർക്ക് വേണ്ടി മാത്രമായി സർവ്വീസ് നടത്തുന്നത്.
ഹജ്ജ് പോളിസി പുതുക്കുന്ന സമയത്ത്, തീർത്ഥാടകരുടെ സൗകര്യം മുൻ നിർത്തി സംസ്ഥാനം സമർപ്പിച്ച എൺപത് ശതമാനം ശുപാർശകളും പുതിയ പോളിസിയിൽ ഉൾപ്പെടുത്തി എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിനു മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ച് കിട്ടിയത്.
രാജ്യത്ത് നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷരുള്ള സംസ്ഥാനമെന്ന നിലക്ക് മൂന്ന് പുറപ്പെടൽ കേന്ദ്രം തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെട്ടു.
സംസ്ഥാനത്ത് നിന്നും ഹജ്ജിനു പുറപ്പെടുന്നവരിൽ സ്ത്രീകളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ വർഷം സംസ്ഥാനത്ത് നിന്നും പുറപ്പെട്ട 11252 പേരിൽ 6899 പേരും സ്ത്രീകളാണ്. ഇത് മനസ്സിലാക്കി 2019 ൽ കരിപ്പൂരിൽ വനിതാ തീർത്ഥാടകർക്ക് മാത്രമായി നിർമ്മാണം ആരംഭിച്ച വനിതാ ബ്ലോക്ക് ഈ വർഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂർണ്ണ സജ്ജമായത് തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. ശീതീകരിച്ച താമസ മുറികൾ, വെയ്റ്റിങ്ങ് ലോഞ്ച്, ഫുഡ് കോർട്ട്, വിശാലമായ സാനിറ്റേഷൻ സൗകര്യങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ സ്ത്രീകൾക്കു മാത്രമായുള്ള പുതിയ കെട്ടിടത്തിലുണ്ട്. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് ക്യാമ്പുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
തീർത്ഥാടകർക്ക് സൗദിയിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെ സംസ്ഥാന സർക്കാർ ഇത്തവണ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിലായി ജാഫർ മാലിക് ഐ.എ.എസാണ് കേരളത്തിന്റെ നോഡൽ ഓഫീസറായി സഊദി അറേബ്യയിൽ സേവനത്തിലുള്ളത്.
Content Highlights: The Hajj camp will conclude on Thursday
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !