ജില്ലയിലെ ബാങ്കുകളിൽ മാർച്ച് പാദത്തിൽ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 2485 കോടി വർധിച്ച് 52,351 കോടിയായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതിൽ 15,503 കോടി രൂപ പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകൾ 32,855 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 922.5 കോടി രൂപയുടെ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 62.76 ശതമാനമാണ്. കെ.ജി.ബി -79.02 ശതമാനം, കാനറാ ബാങ്ക് -71.85 ശതമാനം, എസ്.ബി.ഐ -39.81 ശതമാനം, ഫെഡറൽ ബാങ്ക് - 29.14 ശതമാനം, സൗത്ത് ഇന്ത്യൻ ബാങ്ക് -42.17ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതൽ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിൽ കുറവുള്ള ബാങ്കുകൾ അതിന് മുകളിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരം ഈ സാമ്പത്തിക വർഷത്തിലെ ജില്ലയുടെ നേട്ടം 113 ശതമാനമാണ്. 16,700 കോടി രൂപ എന്ന ലക്ഷ്യത്തെ മുൻനിർത്തി 18,900 കോടി രൂപയുടെ വായ്പകൾ നൽകി. വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരമുള്ള മുൻഗണനാ മേഖലയിലെ നേട്ടം 120 ശതമാനമാണ്. മുൻഗണനാ വിഭാഗത്തിൽ 13,425 കോടി രൂപയാണ് വിവിധ ബാങ്കുകൾ വായ്പയായി നൽകിയത്.
മറ്റു വിഭാഗങ്ങളിൽ 5500 കോടി രൂപയുടെ വായ്പകളും നൽകി. ഇതിലെ നേട്ടം നൂറ് ശതമാനത്തിലെത്തി.
സംസ്ഥാന സർക്കാർ അതിദരിദ്രരുടെ ഉന്നമനത്തിന് ലക്ഷ്യം വച്ച് അവരുടെ അവകാശ രേഖകൾ ലഭ്യമാക്കുന്നതിനായി ജില്ലയിൽ നടത്തുന്ന എ.ബി.സി.ഡി ക്യാമ്പുകളിൽ ബാങ്കുകളുടെ സേവനങ്ങൾ ലഭ്യമാക്കണമെന്നും തൊഴിൽരഹിതരെ സഹായികുന്നതിന് നോർക്ക, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവർ നടത്തുന്ന പദ്ധതികൾ അനുകൂലമായി പരിഗണിക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമൂഹത്തിലെ താഴേതട്ടിൽ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയിൽ ഉള്ളവരുമായ സാധാരണക്കാരെ ഉദേശിച്ച് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷയും പെൻഷനും നൽകുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളായ പി.എം.ജെ.ജെബിവൈ, പിഎംഎസ്ബിവൈ, എപിവൈ എന്നിവ പരമാവധിഉപഭോക്താക്കളിലെത്തിക്കാൻ ആർ.ബി.ഐയും എസ്.എൽ.ബി.സി യും സംയുക്തമായി നടത്തുന്ന സുരക്ഷാ പദ്ധതിയിൽ ഒരു ലക്ഷം ഉപഭോക്താക്കളെ ഉൾപ്പെടുത്തി. മെയ് മാസത്തിൽ നടത്തിയ സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച പരാതികൾ അതാത് ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ട്. ലഭിച്ച പരാതികൾക്കുള്ള മറുപടികൾ ഉടൻ ലീഡ് ബാങ്കിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാർഷിക മേഖലയ്ക്കുള്ള വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കാനും കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി പോലുള്ള പദ്ധതികൾക്ക് കൂടുതൽ പ്രചാരണം നൽകാനും യോഗത്തിൽ തീരുമാനമായി. ഹോട്ടൽ മഹീന്ദ്രപുരിയിൽ നടന്ന യോഗം തിരുവനന്തപുരം ആർ.ബി.ഐ എൽ.ഡി.ഒ ഇ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നബാർഡ് ഡി.ഡി.എം എ. മുഹമ്മദ് റിയാസ്, കാനറാ ബാങ്ക് ഡി.എം എച്ച്.വി പ്രഭു, ലീഡ് ബാങ്ക് മാനേജർ എം.എ ടിറ്റൻ, എസ്ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികൾ, അഗ്രികൾച്ചർ, അനിമൽ ഹസ്ബൻഡറി, ഡയറി ഡെവലപ്‌മെന്റ്, ഡി.ഐ.സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നുലം, കെ.വി.ഐ.ബി ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, എസ്യു.പി.എസ്, ഇ.ടി.ഐ പ്രതിനിധികൾ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
Content Highlights: 2485 crore increase in deposits in banks in the district
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !