ന്യായമായ കാരണമില്ലാതെ യാത്ര വിലക്കിയതിന് ഖത്തർ എയർവെയ്സ് വിമാന കമ്പനിക്ക് ഏഴര ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. കേരള ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്.
ബെച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് സ്കോട്ലാന്റിലേക്കുള്ള വിമാന യാത്രയ്ക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുൻപ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽ നിന്നും ദോഹയിലേക്കും അവിടെ നിന്ന് എഡിൻബറോയിലേക്കും വിമാനകമ്പനി യാത്ര ടിക്കറ്റ് നൽകി. എന്നാൽ ദോഹയിൽ നിന്ന് എഡിൻബറോയിലേക്കുള്ള യാത്രയാണ് വിമാന കമ്പനി വിലക്കുകയായിരുന്നു. ഓവർ ബുക്കിങ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി.
നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതിരുന്നതു മൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളുമാണ് ഉണ്ടായെന്നും പരാതിയിൽ പറയുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന പരാതിക്കാരന്റെ വാദം കമ്മീഷൻ സ്വീകരിച്ചു. ഉപഭോക്താവ് എന്ന നിലയിൽ തന്റെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച എതിർകക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി.
30 ദിവസത്തിനകം നഷ്ടപരിഹാരത്തുക എതിർകക്ഷി പരാതിക്കാരന് നൽകേണ്ടതും, അല്ലാത്ത പക്ഷം തുക നൽകുന്ന തീയതി വരെ പിഴത്തുകയ്ക്ക് ഒൻപത് ശതമാനം പലിശ കൂടി നൽകേണ്ടതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
Content Highlights: Denied travel despite ticket; Consumer Court imposes 7.5 lakh fine on Qatar Airways
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !