അതിവേഗം ബഹുദൂരം എന്നതായിരുന്നു ആദ്യ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുദ്രാവാക്യം; ഭരണനടപടികളിലെ വേഗം തന്നെയായിരുന്നു അതിന്റെ മുഖമുദ്ര.
നീതിയുടെ കാവലാൾ തങ്ങളെ സംരക്ഷിക്കും എന്ന പ്രതീക്ഷയിൽ ഉമ്മൻ ചാണ്ടി എന്ന അന്നത്തെ മുഖ്യമന്ത്രിയിൽ നിന്നും നീതി പ്രതീക്ഷിച്ചു ജനസമ്പർക്ക പരിപാടിയിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ. മൈതാനങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകിയ ജനക്കൂട്ടം. ‘താമസമുണ്ടാകുമെങ്കിൽ ക്ഷമിക്കണം, എല്ലാവരെയും കാണും’ ഏവർക്കും പ്രതീക്ഷയുടെ പൊൻകിരണം വീശുന്നതായിരുന്നു സ്റ്റേജിൽ നിന്നും മൈക്കിലൂടെ പ്രവഹിച്ച അദ്ദേഹത്തിന്റെ വാക്കുകൾ. അപ്പോഴും നേരം പുലർന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് അദ്ദേഹത്തിന് പ്രായം 70. പക്ഷെ അത് വെറുമൊരു അക്കം മാത്രമാണ് എന്ന് തെളിയിക്കുന്നതായിരുന്നു ജനങ്ങൾക്ക് കരുത്തും കരുതലുമായി അദ്ദേഹം നിലകൊണ്ട ജനസമ്പർക്ക പരിപാടി.
1969 ലാണ് ഇന്ത്യയിലാദ്യമായി തമിഴ്‌നാട്ടില്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തത്. അയല്‍ സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടപ്പാക്കിയ പരിപാടിയെ കേരളം പരിചയപ്പെട്ടത് 2012 ലാണ്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.
11 ലക്ഷത്തില്‍പരം ആളുകള്‍ പങ്കെടുത്ത ജനസമ്പർക്ക പരിപാടി ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതല്‍ മൂന്നു വര്‍ഷം മൂന്നു ഘട്ടങ്ങളിലായി നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ ദിവസങ്ങളോളം തന്നെ കാണാനെത്തിയ ജനങ്ങള്‍ക്കുവേണ്ടി 12 മുതല്‍ 19 മണിക്കൂര്‍ വരെ ഉമ്മന്‍ ചാണ്ടി ഒറ്റനില്‍പ്പാണ് നിന്നത്. എഴുപത് വയസായ ഒരാൾക്കുണ്ടാകാവുന്ന ശാരീരിക ബുദ്ധിമുട്ടുകളൊന്നും കൂസാതെയായിരുന്നു വിശ്രമമൊട്ടുമില്ലാതെ അദ്ദേഹത്തിൻ്റെ ഇടപെടൽ.
സമയമെത്ര വൈകിയാലും തന്നെ തേടിയെത്തിയ ജനങ്ങളുടെ നിവേദനങ്ങളെ സ്വീകരിച്ച് അവരോട് സംസാരിച്ച ശേഷമാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.''താമസമുണ്ടെങ്കില്‍ ക്ഷമിക്കണം എല്ലാവരെയും കാണും,'' എന്നായിരുന്നു തനിക്കു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളോട് അദ്ദേഹം മൈക്കിലൂടെ അറിയിച്ചത്.
ജനസേവനത്തിന്റെ ഉദാത്ത മാതൃക അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായി. 2013 ലെ ഐക്യരാഷ്ട്ര സഭയുടെ നാഷന്‍ പബ്ലിക് സര്‍വിസ് പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് ഈ മനോഭാവമായിരുന്നു. 2012 ല്‍ കോഴിക്കോട് തുടക്കം കുറിച്ച് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ചുവപ്പു നാടയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ജീവിതങ്ങള്‍ക്ക് ആശ്വാസമാകാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സാധിച്ചു.
ആകെ 242 കോടിയുടെ ധനസഹായമാണ് നല്‍കിയത്. മിനിറ്റുകള്‍കൊണ്ട് ഫയല്‍ തീര്‍പ്പാക്കി. ഒരു വില്ലേജ ഓഫീസറുടെ അടുത്തുപോലും പോകാന്‍ കഴിയാത്ത സാധരാണക്കാര്‍ക്കിടയിലേക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇറങ്ങിച്ചെന്നത്. ജനങ്ങള്‍ക്ക് അര്‍ഹമായത് യഥാസമയം നല്‍കിയെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടായിരുന്നോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും ആശങ്കകള്‍ ഒരു പോലെ പരിഹരിക്കാനായിരുന്നു ഈ വേദിയെന്നായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഉദ്യോഗസ്ഥരെ പഴിക്കലല്ല മറിച്ച അവര്‍ക്കൊപ്പം നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രഖ്യാപനമായിരുന്നു ഈ ജനസമ്പര്‍ക്ക പരിപാടി. മുഖ്യമന്ത്രിയോട് ചോദിക്കാമെന്ന ഇ കെ നായനാരുടെ ഫോൺ ഇന്‍ പരിപാടിക്കുശേഷം ജനങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് സംവദിച്ചത് അവരുടെ ആകുലതയും പ്രശ്‌നങ്ങളും തുറന്നുപറഞ്ഞതും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ ഈ പരിപാടിയിലായിരുന്നു.
വര്‍ഷങ്ങളോളം പ്രവാസജീവിതം നയിച്ച വൃക്കരോഗവുമായി നാട്ടിലെത്തി ദുരിതമനുഭവിച്ച കൊടകര സ്വദേശി എം എ റൗഫ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായത്തിന് അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍ സഹായം ലഭിക്കുന്നതിനു മുന്‍പ് മരിച്ചു. പിതാവിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടിയ മനസുമായെത്തിയ റൗഫിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. ജനങ്ങളുടെ വിഷമത്തില്‍ പങ്കുചേര്‍ന്ന് അവരുടെ പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിക്കണമെന്ന ശാഠ്യം പിടിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയുടെ പേരായിരുന്നു അതി വേഗം ബഹുദൂരം. ഉമ്മന്‍ചാണ്ടിക്കു മുന്‍പോ പിന്‍പോ ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കിയിട്ടില്ല. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ഇങ്ങനെയൊരു പരിപാടിക്ക് ചുക്കാന്‍ പിടിക്കാന്‍ മറ്റൊരു ജനകീയ നേതാവും ഉയര്‍ന്നു വന്നിട്ടില്ല എന്നു വേണം കരുതാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !