തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ബാലാവകാശ കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പാരലല്‍ കോളേജുകളിലും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. സ്‌കൂളിലെ പഠനസമയത്തിനുശേഷം വീണ്ടും മണിക്കൂറുകള്‍ നീളുന്ന ഈ നൈറ്റ് സ്റ്റഡി ക്ലാസുകള്‍ അശാസ്ത്രീയമാണ്. ഇത് കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വെല്ലുവിളിയാണ്. രക്ഷിതാക്കള്‍ക്കും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. അതുകൊണ്ട് രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
മറ്റൊരു പ്രധാനപ്പെട്ട ഉത്തരവ് പാരലല്‍ കോളേജുകളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പഠന വിനോദയാത്രകള്‍ നിര്‍ത്തലാക്കിയത് ആണ്. പഠന വിനോദയാത്രകള്‍ക്ക് കൃത്യമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ടെങ്കിലും അത് ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും പാലിക്കുന്നില്ല. വിനോദയാത്രയ്ക്ക് കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കുന്നു എന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ നടപടി. തുടര്‍നടപടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍, എന്നിവര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ ശുപാര്‍ശയില്‍ സെക്രട്ടറിമാര്‍ സ്വീകരിച്ച് നടപടികള്‍ 60 ദിവസത്തിനുള്ളില്‍ രേഖാമൂലം കമ്മീഷനെ അറിയിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Ban on night study classes
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !