എ.ഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് റോഡപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനം ആരംഭിച്ച ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കൃത്യനിർവഹണ മികവിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനീയം അദാലത്ത് വഴി പതിനായിരത്തോളം പരാതികൾ പരിഹരിക്കാനായി. സംസ്ഥാനതലത്തിൽ ഉയർന്നുവന്ന പൊതുവായ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും പരിഹാരം കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാനും അദാലത്ത് വഴി സാധിച്ചു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനായതായും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ അവബോധം ഹയർ സെക്കൻഡറിയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയതായും മന്ത്രി പറഞ്ഞു. റോഡ് മര്യാദകൾ, റോഡ് സൈനുകൾ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാർഥികളില്‍ ചെറുപ്പത്തില്‍ തന്നെ ട്രാഫിക് അവബോധം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോയിന്റ് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.ജി. ഗോകുൽ(കൊച്ചി മെട്രോ), ഇടുക്കി എൻഫോഴ്സ്മെന്റ് വിഭാഗം ജോ. ആർ.ടി.ഒ. പി.എ. നസീർ, വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം. രമേഷ് (ചാലക്കുടി), പി.വി. വിജേഷ് (എൻഫോഴ്സ്മെന്റ്, എറണാകുളം), എസ്. മഹേഷ് (ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ്) എന്നിവർക്കാണ് മെഡൽ നൽകിയത്.
ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസങ് മാത്യു, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.മനോജ് കുമാർ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവൻ, മധ്യമേഖലാ ഒന്നിന്റെ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.പി ജയിംസ്, ഐ.ഡി.ടി.ആർ ജോയിന്റ് ഡയറക്ടർ കെ.എം സൈഫുദ്ദീൻ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഐ.ഡി.ടി.ആർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Road accidents reduced by installation of AI cameras: Minister Antony Raju
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !