മൃതദേഹം നാടുകാണി ചുരത്തില്‍ നിന്നും കണ്ടെടുത്തു, അഴുകിയ നിലയില്‍..

0

കോഴിക്കോട്:
കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.

നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാടുകാണി ചുരത്തിലെത്തി തിരച്ചില്‍ നടത്തിയത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. അന്ന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശേഷം ഫോണ്‍ സ്വിച്ച്‌ഡ് ഓഫാണ്.

പിറ്റേന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. സൈനബയുടെ രണ്ടു ഫോണും ഇതുവരെ സ്വിച്ച്‌ ഓഫ് ആയ നിലയിലാണ് എന്നും മുഹമ്മദാലി പറയുന്നു. സാധാരണ സൈനബ ടൗണില്‍ പോകാറുണ്ടെന്നും, വൈകീട്ടോടെ വീട്ടില്‍ മടങ്ങി എത്താറാണ് പതിവെന്നും മുഹമ്മദാലി വ്യക്തമാക്കി.

സൈനബയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കാറില്‍ യാത്ര ചെയ്യവെ മുക്കം ഭാഗത്തു വെച്ച്‌ ഷാള്‍ കഴുത്തി മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയും മൃതശരീരം കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

സൈനബ ധരിച്ചിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിട്ടായിരുന്നു കൊലപാതകമെന്നാണ് മൊഴി. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടമ്മയുടെ പക്കലുണ്ടായിരുന്ന പണവും പ്രതികള്‍ തട്ടിയെടുത്തു. ഒരാഴ്ച മുമ്ബാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്ബ് സ്വദേശിനി സൈനബ (59) യെ കാണാതാകുന്നത്.

എഫ്ഐആർ പ്രകാരം, പ്രതി സമദിന്റെ മൊഴിയിൽനിന്ന്:

സൈനബയെ വർഷങ്ങളായി പരിചയമുണ്ട്. സൈനബ സ്വർണാഭരണങ്ങൾ ധരിച്ചാണ് എപ്പോഴും നടക്കുന്നതെന്ന് എനിക്കറിയാം. എന്റെ ടാക്സി കാറിന്റെ ഡ്രൈവറായിരുന്നു ഗൂഡല്ലൂർ സ്വദേശി സുലൈമാൻ. സുലൈമാനും ഞാനും കൂടി എങ്ങനെയെങ്കിലും പണമുണ്ടാക്കുന്നതിനുള്ള മാർഗങ്ങളേക്കുറിച്ച് സംസാരിച്ചിരുന്നു. സുലൈമാനോടു സൈനബയെപ്പറ്റി പറഞ്ഞ് എങ്ങനെയെങ്കിലും സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തണമെന്ന് പറഞ്ഞു. ഞാൻ വിളിച്ച പ്രകാരം ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാൻ തിരൂരിൽവന്നു. തിരൂർ ആശുപത്രിക്ക് അടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുപ്പിച്ച് സുലൈമാനെ താമസിപ്പിച്ചു.

അടുത്ത ദിവസം രാവിലെ പത്തു മണിയോടെ സുലൈമാൻ താനൂർ കുന്നുംപുറത്തുള്ള എന്റെ വീട്ടിൽ വന്നു. അവിടെനിന്ന് ഒരു പരിചയക്കാരന്റെ കാർ വാടകയ്ക്കെടുത്ത് ഞങ്ങൾ കൂടി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് അടുത്തെത്തി. സൈനബയെ ഫോണിൽ വിളിച്ച് താനൂരിൽ സുഖമില്ലാതെ വീട്ടിൽ കിടക്കുന്ന ഒരാളുടെ കൂടെ ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരുമെന്നും പറഞ്ഞു.  താനൂരല്ല, പരപ്പനങ്ങാടിക്കടുത്ത് മുക്കോല എന്ന സ്ഥലത്താണ് പോകേണ്ടത് എന്നു പറഞ്ഞപ്പോൾ സൈനബ വരാമെന്നേറ്റു. അങ്ങനെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവർ ബ്രിജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറിൽ കയറ്റി.

സുലൈമാനാണ് കാർ ഓടിച്ചിരുന്നത്. ഞാൻ പിന്നിലെ സീറ്റിലാണ് ഇരുന്നത്. സൈനബ എന്റെ ഇടതുഭാഗത്ത് പിൻസീറ്റിൽ കയറി. തുടർന്ന് ഞങ്ങൾ കാറിൽ എന്റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. എന്റെ ഭാര്യയും മകളും തിരൂരിൽ ഡോക്ടറെ കാണാൻ പോകുമെന്നു പറഞ്ഞിരുന്നു. ഇളയ മകൾ സ്കൂളിൽ പോയിരുന്നു. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അവിടെ സൈനബയെ എത്തിക്കാമെന്നു വിചാരിച്ചു. എന്നാൽ, വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടപ്പോൾ ഞാൻ സുലൈമാനോടു വണ്ടി മുന്നോട്ടു നീക്കി നിർത്താൻ ആവശ്യപ്പെട്ടു. പോയി നോക്കിയപ്പോൾ ഭാര്യയും മകളും വീട്ടിൽ തിരിച്ചെത്തിയിരുന്നു.

എന്റെ മൊബൈൽ ഫോൺ വീട്ടിൽവച്ച് തിരികെ വന്നു. അസുഖബാധിതനായ ആളുടെ വീട്ടിൽ ഇപ്പോൾ പോകാൻ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോടിനു തിരിച്ചു പോകാമെന്നും സൈനബയോടു പറഞ്ഞു. കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. ഞാൻ കാറിൽ സൈനബയുടെ ഇടതു വശത്തായി കയറി പിന്നിലെ സീറ്റിലിരുന്നു. കാറോടിച്ച് അരീക്കോടു വഴി വരുമ്പോൾ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുൻപ് സൈനബ ധരിച്ചിരുന്ന ഷാൾ ഞാൻ കഴുത്തിൽ മുറുക്കി. ഷാളിന്റെ ഒരറ്റം ഇടതുകൈകൊണ്ട് ഡ്രൈവ് ചെയ്തുകൊണ്ടുതന്നെ സുലൈമാൻ പിടിച്ചുവലിച്ചു. സൈനബ എന്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു. ശ്വാസം നിലച്ചതായി മനസ്സിലായതിനാൽ സുലൈമാൻ കാർ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ചോഫ് ചെയ്ത ശേഷം സ്വർണ വളകളും കമ്മലുകളും വലിച്ചെടുത്ത് പോക്കറ്റിലിട്ടു.

സുലൈമാൻ സൈനബയുടെ ബാഗ് തപ്പിയപ്പോൾ കുറച്ചു പണം കണ്ടു. വണ്ടി സുലൈമാൻ നാടുകാണി ചുരത്തിലേക്കു വിട്ടു. രാത്രി എട്ടു മണിയോടു കൂടി ചുരത്തിലെത്തി ഇടതുവശത്തായി താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് വണ്ടി നിർത്തി. ഞാനും സുലൈമാനും പുറത്തിറങ്ങി ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സൈനബയുടെ ശരീരം കാറിന്റെ പിൻസീറ്റിൽനിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയുള്ള സ്ഥലത്തേക്ക് തള്ളിയിട്ടു. പിന്നീട് ഞങ്ങൾ സുലൈമാൻ താമസിച്ചിരുന്ന ഗൂഡല്ലൂരിലെ മുറിയിലെത്തി. എന്റെ മുണ്ടിൽ ചോര പുരണ്ടിരുന്നതിനാൽ അത് കഴുകിയശേഷം മറിച്ചുടുത്തു. പിന്നീട് ഞങ്ങൾ പുറത്തുപോയി ഒരു കടയിൽനിന്നു മുണ്ടും ബനിയനും വാങ്ങി തിരിച്ചുവന്നു.

തുടർന്ന് ഞങ്ങൾ വസ്ത്രങ്ങൾ മാറ്റി ധരിക്കുകയും അന്ന് അവിടെ താമസിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം ഞങ്ങൾ വീതിച്ചെടുത്തു. സ്വർണാഭരണങ്ങൾ എന്റെ കൈവശം വച്ചു. കാർ സുലൈമാൻ ഒരു സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി സർവീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും എന്റെ വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയിൽവച്ച് എന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൈക്കലാക്കി.

Content Summary: The dead body was recovered from the Nadukani Pass, in a state of decomposition

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !