എന്താണ് അമീബിക് മസ്തിഷ്‌കജ്വരം ? ലക്ഷണങ്ങളും, പ്രതിരോധം മാർഗ്ഗങ്ങളും അറിയാം | Explainer

0

മീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി ( Naegleria fowleri ) വിഭാ​ഗത്തിൽ പെടുന്ന അമീബ തലച്ചോറിൽ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം എന്താണെന്നും അവ മരണകാരിയാകുന്നത് എങ്ങനെയാണെന്നും പരിശോധിക്കാം.

രോ​ഗകാരിയായ അമീബ എങ്ങനെ ശരീരത്തിലെത്തുന്നു?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്. രോ​ഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോ​ഗബാധയുണ്ടാകുന്നത്. ഇത്തരം അമീബ ഉള്ള വെള്ളം കുടിക്കുന്നത് പ്രശ്നകരമല്ല എന്നു മാത്രമല്ല, ഇത് മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നവയുമല്ല. സാധാരണ ഇത്തരം അമീബകൾ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്. തണുപ്പുകാലത്ത് അവ പ്രകടമായതിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി വിദ​ഗ്ധ പരിശോധന നടത്തേണ്ടിവരും.

സാധാരണയായി അമീബ കൊണ്ട് ഉണ്ടാകുന്ന രോ​ഗങ്ങൾ വയറിളക്കമോ കരളിന് പഴുപ്പോ ഒക്കെയാണ്. അണുബാധയുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുക വഴിയാണ് ഈ രോ​ഗങ്ങൾ ബാധിക്കുക. എന്നാൽ ഇവിടെ തലച്ചോറിലെ നീർക്കെട്ടിനു കാരണമാകുന്ന അമീബ ശരീരത്തിലെത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ?
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ജപ്പാൻ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്ക ജ്വരമാകുന്നവയാണ്. അത്തരത്തിൽ അമീബ മൂലം മസ്തിഷ്കജ്വരം വരുന്ന അവസ്ഥയാണിത്. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോ​ഗം ഉണ്ടാക്കാറുള്ളു. പല തരം അമീബകൾ രോ​ഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നത്.

ലക്ഷണങ്ങളും രോ​ഗനിർണയവും
രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ പനി,തലവേദന, ഛർദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോ​ഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓർമ നഷ്ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോ​ഗനിർണയം നടത്തുകയും ചെയ്യുക.

നിപ്പ, വെസ്റ്റ്നൈൽ തുടങ്ങിയവയൊക്കെ പി.സി.ആർ. ടെസ്റ്റും മറ്റും ചെയ്തതിനുശേഷമാണ് രോ​ഗനിർണയം നടത്താനാവുക. എന്നാൽ, ഇവിടെ മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അതായത് അമീബയിൽ നിന്നുള്ള അണുബാധ സംശയിക്കുന്നയുടൻ തന്നെ നട്ടെല്ലിൽ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. അത് പലപ്പോഴും നടക്കുന്നത് വളരെ വൈകിയതിനു ശേഷമായിരിക്കും എന്നതാണ് പ്രധാന പ്രശ്നം.

പ്രധാന വെല്ലുവിളികൾ
അണുബാധയേറ്റാൽ മരണസാധ്യത കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. ആ​ഗോളതലത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ പരിശോധിച്ചാൽ നൂറുശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത് വെറും നാലോ അഞ്ചോ കുട്ടികൾ മാത്രമായിരിക്കും രോ​ഗത്തെ അതിജീവിച്ചിട്ടുണ്ടാവുക. അതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണുള്ളത്. അതിലൊന്ന് രോ​ഗം വഷളാകുന്ന ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പേ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകും എന്നതാണ്. മറ്റൊന്ന് ഫം​ഗസ്-ബാക്റ്റീരിയൽ ട്രീറ്റ്മെന്റിന് കൊടുക്കുന്ന കോമ്പിനേഷൻ മരുന്നുകൾ തുടക്കത്തിൽ തന്നെ കൊടുക്കാനാവുന്നു എന്നതാണ്.

രോ​ഗം സ്ഥിരീകരിച്ചാൽ തന്നെ അതിനുതകുന്ന മരുന്ന് നല്‍കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും രോ​ഗനിർണയം വൈകുന്നതും സാധാരണമല്ലാത്ത രോ​ഗമായതിനാൽ കൊടുക്കേണ്ട മരുന്നുകളെക്കുറിച്ചുള്ള ആശയക്കുഴപ്പവും മരുന്നുകളുടെ ലഭ്യതയില്ലായ്മയുമൊക്കെ അപകടസാധ്യത വർധിപ്പിക്കും.

പലപ്പോഴും വൈറൽ പനിയാണ് എന്നു കരുതി സ്വയംചികിത്സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാകും ഡോക്ടർമാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാകും.

പ്രതിരോധം എപ്രകാരം?
കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയില്ലാത്ത വെള്ളം, മൂക്കിലൂടെയും മറ്റും വെള്ളമൊഴിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം അമീബ ശരീരത്തിലെത്തുക. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക, രോ​ഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുക എന്നിവ പാലിക്കേണ്ടത് പ്രധാനമാണ്

Content Summary: What is amoebic encephalitis? Know the symptoms and prevention methods

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !