കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം... അങ്ങനെ പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി കേരളംവിട്ട് കുവൈത്തിലെത്തിയ ആ 24 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.
തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു.
ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൂടാത മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളും നിരവധി നാട്ടുകാരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തേങ്ങലുകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷമായിരുന്നു വിമാനവത്താവളത്തിൽ. ഉറ്റവരുടെ തീരാത്ത ദുഃഖത്തിന് സാക്ഷിയാകാന്‍ മാത്രമേ കണ്ടുനിന്നവര്‍ക്ക് കഴിയുമായിരുന്നുള്ളൂ.
തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. 45 പേരുടെ മൃതദേഹവുമായാണ് വ്യോമസേനയുടെ പ്രത്യേകവിമാനം കൊച്ചിയിലെത്തിയത്. ഇതില്‍ 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയില്‍ ഇറക്കിയത്. തുടർന്ന് വിമാനം ഡല്‍ഹിയിലേക്ക് പോകും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്‍റെ മൃതദേഹം മുംബൈയിലാണ് സംസ്കരിക്കുക.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്തകേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Summary: return of tears; Public viewing at the airport; Chief Minister and leaders pay their respects
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !