സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതിയാണ് നിർമാതാക്കളുടെ സംഘടന ചെയ്യുന്നതെന്നും ഫെയ്സ്ബുക്കിൽ കുറിച്ച് കുറിപ്പിൽ ഡബ്ല്യുസിസി ആരോപിച്ചു.
ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ എന്നും കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്കിന്റെ പൂർണ രൂപം
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന (KFPA),നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ സംഘടനയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് പറയുന്നത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടി(SIT)ക്ക് സാന്ദ്ര പരാതി നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
കഴിഞ്ഞ കുറെ നാളുകളായി സാന്ദ്ര തോമസും സംഘടനയും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെ നാം കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങൾ നടപ്പാക്കുന്നതാണ് തന്റെ പ്രധാന വിമർശനമെന്ന് അവർ പറയുന്നു.
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയുണ്ട്, സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ട്, പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ട്, പരാതികളിൽ കൃത്യമായ അന്വേഷണം നടക്കണം എന്നിങ്ങനെ സാന്ദ്രയുടെ പരാതികളുടെ ഏകദേശരൂപം കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ നിന്നുതന്നെ ഞങ്ങളും മനസിലാക്കുന്നു. ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ?
പോലീസ് കേസിന്റെ പശ്ചാത്തലത്തിൽ സംഘടനാ ഭാരവാഹികൾ ഔദ്യോഗിക ചുമതലകളിൽ നിന്നൊഴിഞ്ഞ് തുടർനടപടികൾ നേരിടേണ്ടതുണ്ടല്ലോ എന്ന് WCC ഇവിടെ അഭിപ്രായപ്പെട്ടിരുന്നു. സിനിമ വ്യവസായ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനിൽക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോർട്ടിന് ശേഷവും സ്വയം `തൊഴിൽ ദാതാക്കളെ'ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവർ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു. അധികാര സംവിധാനങ്ങൾ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നു. നിർമ്മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിശബ്ദതയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവർത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.
#അവൾക്കൊപ്പം
Content Summary: cutting the sitting horn; WCC reacts to Sandra's exclusion
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !