പ്രൈമറി മുതല്‍ ഹൈസ്കൂള്‍വരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) 2024 നവംബർ സെഷന് അപേക്ഷിക്കാം.
അധ്യാപക നിയമനത്തിനായി സർക്കാർ\ബന്ധപ്പെട്ട നിയമം അധികാരികളുടെ നിർദേശപ്രകരം അപേക്ഷ നല്‍കി വേണം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാൻ. നിർദേശപ്രകാരമുള്ള യോഗ്യത രേഖപ്പെടുത്തേണ്ടതാണ്.
പരീക്ഷ കാറ്റഗറികള്‍
പരീക്ഷ നാലു വിഭാഗങ്ങളിലായാണ് നടക്കുന്നത്.
കാറ്റഗറി/വിഭാഗം I, II, III -ലോവർ പ്രൈമറി സ്കൂള്‍, അപ്പർ പ്രൈമറി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാൻ
കാറ്റഗറി/വിഭാഗം IV -ഭാഷാ അധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു -യു.പി.തലം വരെ); സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികാധ്യാപകർ) ആകുന്നതിനുവേണ്ടി (വിജ്ഞാപനത്തില്‍ കാറ്റഗറി 1, 2, 3, 4 എന്നും ഇവയെ പരാമർശിച്ചിട്ടുണ്ട്)
യോഗ്യതയുടെ വ്യവസ്ഥകള്‍
ആദ്യ മൂന്നു കാറ്റഗറികളിലായി, കാറ്റഗറിയനുസരിച്ച് മാർക്ക് വ്യവസ്ഥയോടെ ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി/ബിരുദം (ബി.എ./ബി.കോം./ബി.എസ്‌സി./ബി.ബി.എ.) എന്നിവയ്ക്കൊപ്പം നിശ്ചിത അധ്യാപനപരിശീലന കോഴ്സും (ടി.ടി.സി./ഡി.എഡ്./ഡി.എല്‍.എഡ്./എല്‍.ടി.ടി.സി./ബി.എല്‍.എഡ്./ഡിപ്ലോമ ഇൻ എജുക്കേഷൻ (സ്പെഷ്യല്‍ എജുക്കേഷൻ)/ബി.എഡ്./ബി.എ.എഡ്./ബി.എസ്‌സി.എഡ്. യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
കാറ്റഗറി IV ഉള്‍പ്പെടെ എല്ലാ കാറ്റഗറികളുടെയും വിശദമായ യോഗ്യതാ വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്.
ചില പ്രത്യേക വ്യവസ്ഥകള്‍
ബിരുദാനന്തരബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തില്‍ ബി.എഡ്. അഡ്മിഷൻ നേടിയവർക്ക് കെ-ടെറ്റിന് അപേക്ഷിക്കാം.
കേരളത്തില്‍ കെ-ടെറ്റ് നടപ്പാക്കും മുൻപ് എസ്.എസ്.എല്‍.സി., ടി.ടി.സി. യോഗ്യത നേടുകയും പിന്നീട് സർവീസില്‍ പ്രവേശിക്കുകയും ചെയ്തവർക്ക് കാറ്റഗറി-I പരീക്ഷയ്ക്ക് അപേക്ഷിക്കാം.
കേരള സർക്കാർ/പരീക്ഷാ ബോർഡ്/എൻ.സി.ടി.ഇ./സർവകലാശാലകള്‍ തുടങ്ങിയവ അംഗീകരിച്ച അധ്യാപന ഡിഗ്രി/ഡിപ്ലോമ ഉള്ളവർക്ക് കാറ്റഗറി-III-ന് അപേക്ഷിക്കാം.
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഡിഗ്രി നേടിയവർക്ക് 50 ശതമാനം മാർക്കില്‍ കുറയാതെ, എൻ.സി.ഇ.ആർ.ടി. റീജണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനില്‍ (ആർ.ഐ.ഇ.) നിന്നും നേടിയ, അതേ വിഷയത്തിലുള്ള എം.എസ്‌സി. എജുക്കേഷൻ ബിരുദം ഉണ്ടെങ്കില്‍ കാറ്റഗറി-III-ന് അപേക്ഷിക്കാം.
സസ്യ/ജന്തുശാസ്ത്രവിഭാഗക്കാർക്ക് 50 ശതമാനം മാർക്കില്‍ കുറയാതെ, എൻ.സി.ഇ.ആർ.ടി. റീജണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനില്‍(ആർ.ഐ.ഇ.) നിന്നും നേടിയ, ലൈഫ് സയൻസിലുള്ള എം.എസ്‌സി. എജുക്കേഷൻ ബിരുദമുണ്ടെങ്കില്‍ കാറ്റഗറി-III-ന് അപേക്ഷിക്കാം.
കുറഞ്ഞത് 45 ശതമാനം മാർക്കോടെ ബി.എ./തത്തുല്യ യോഗ്യതയും എല്‍.ടി.ടി.സി./ഡി.എല്‍എഡ്. യോഗ്യതയും ഉള്ളവർക്ക് കാറ്റഗറി-III-ന് അപേക്ഷിക്കാം.
ബി.എഡ്./ഡി.എഡ്./ഡി.എല്‍.എഡ്. അവസാന വർഷം (സെമസ്റ്റർ 3/4) പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കോഴ്സ് പൂർത്തിയാക്കി പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കേ കെ-ടെറ്റ് സർട്ടിഫിക്കറ്റ് നല്‍കൂ.
പരീക്ഷ
ജനുവരി 18-നും 19-നുമാണ് പരീക്ഷ നടത്തുക. പരീക്ഷകള്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളുള്ള ഒരു പേപ്പറുണ്ടാകും. പരീക്ഷകളുടെ ദൈർഘ്യം രണ്ടരമണിക്കൂറാണ്. ഓരോ ദിവസവും രണ്ടു സെഷൻ. രാവിലെ 10 മുതല്‍ 12.30 വരെ, ഉച്ചയ്ക്ക് രണ്ടുമുതല്‍ 4.30 വരെ. കാറ്റഗറി-I, കാറ്റഗറി-II പരീക്ഷകള്‍ ജനുവരി 18-ന് യഥാക്രമം രാവിലെയും ഉച്ചയ്ക്കും കാറ്റഗറി -III, കാറ്റഗറി -IV പരീക്ഷകള്‍ ജനുവരി 19-ന് യഥാക്രമം രാവിലെയും ഉച്ചയ്ക്കും നടത്തും.
പരമാവധി മാർക്ക് 150. നെഗറ്റീവ് മാർക്കില്ല.
കാറ്റഗറി I, ll, IV (ഭാഷ ഒഴികെ) ചോദ്യപ്പേപ്പറുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. കാറ്റഗറി III-ന്റെ ചോദ്യങ്ങള്‍ (ഭാഷാവിഷയങ്ങള്‍ ഒഴികെ) ഇംഗ്ലീഷില്‍മാത്രമായിരിക്കും നല്‍കുക.
യോഗ്യത നേടാൻ
യോഗ്യത നേടാൻ പരീക്ഷയില്‍ 60 ശതമാനം മാർക്ക് (90) വേണം. പട്ടിക/ഒ.ബി.സി./ഒ.ഇ.സി. വിഭാഗക്കാർക്ക് 55 ശതമാനവും (82) ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും (75) മാർക്ക് വേണം.
അപേക്ഷ
ktet.kerala.gov.in വഴി നവംബർ 20 വരെ അപേക്ഷ നല്‍കാം. ഒന്നില്‍ക്കൂടുതല്‍ കാറ്റഗറികളില്‍ പരീക്ഷ അഭിമുഖീകരിക്കാൻ യോഗ്യതയുള്ളവർക്കും ഒരു അപേക്ഷ നല്കിയാല്‍ മതി . ഓരോ കാറ്റഗറിക്കും പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍, ഓരോ കാറ്റഗറിക്കും പ്രത്യേകം അപേക്ഷാഫീസ് അടയ്ക്കണം.
പരീക്ഷയെഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസജില്ല, അപേക്ഷ നല്‍കുമ്ബോള്‍ തിരഞ്ഞെടുക്കാം. അനുവദിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ പേര് ഹാള്‍ടിക്കറ്റില്‍ ഉണ്ടാകും.
500 രൂപയാണ് ഓരോ വിഭാഗത്തിനും അപേക്ഷ ഫീസ്. പട്ടിക/ഭിന്നശേഷിക്കാർക്ക് 250 രൂപയും. ഫീസ് ഓണ്‍ലൈനായി (നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്) 20-നകം അടയ്ക്കണം.
അപേക്ഷയുടെ ഫൈനല്‍ പ്രിൻറ് 20-നകം എടുക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അത് സൂക്ഷിക്കാം. പ്രിൻറൗട്ടോ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. ഹാള്‍ടിക്കറ്റ് ജനുവരി എട്ടുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
Content Summary: K-TET 2024: Apply till November 20
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !