ഐഇ മലയാളവുമായി ഡോ ശശി തരൂർ എംപി നടത്തിയ പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത്. രാഷ്ട്രീയത്തിലെ ഭാവി സംബന്ധിച്ച ചോദ്യത്തിന് താൻ ജ്യോതിഷി അല്ലെന്നായിരുന്നു തരൂരിന്റെ മറുപടി. 2026ലെ കേരള നിയമസഭാ തിരഞ്ഞെപ്പിൽ കോൺഗ്രസ് തന്റെ സേവനം ഏത് രീതിയിൽ ആവശ്യപ്പെടുമെന്ന് നോക്കാമെന്നാണ് തരൂർ പോഡ്കാസ്റ്റിൽ പറയുന്നത്. ഘടകക്ഷികളും ചില സർവേകളും തന്റെ ജനകീയതയെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറയുന്നു.
സമൂഹത്തിനേയും രാജ്യത്തിനേയും മെച്ചപ്പെടുത്തുന്നതിനാകണം രാഷ്ട്രീയം. അധികാരത്തിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും എന്റെ നാട് നന്നാകണം എന്ന ചിന്തയാണ് എനിക്കുള്ളത്. അധികാരത്തിനും സമ്പാദിക്കാനും സ്വന്തം കാര്യങ്ങൾക്കും വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയവരുണ്ടാകാം. പക്ഷേ ഞാൻ അങ്ങനെയല്ല. അങ്ങനെ ആകാൻ പോകുന്നുമില്ല- തരൂർ പോഡ്കാസ്റ്റിൽ പറയുന്നു.
രാഷ്ട്രീയത്തിൽ വന്നിരിക്കുന്നത് അതിനെ ഒരു കരിയറായി കണ്ടല്ല. ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ച ശേഷം കോൺഗ്രസിന്റെ അഭ്യർഥന പ്രകാരമാണ് ഞാൻ രാഷ്ട്രീയത്തിലേക്കെത്തിയത്. എന്നാൽ ഭാരതത്തേയും കേരളത്തേയും മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൊരു മാറ്റവുമില്ല. ഭാരതത്തിന്റെ ബഹുസ്വരത, കേരളത്തിന്റെ വികസനം, കേരളത്തിലും ഭാരതത്തിലും തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം ഇക്കാര്യങ്ങളെ കുറിച്ചാണ് ഞാൻ എല്ലാ കാലത്തും സംസാരിക്കുന്നത്.
കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം. രാഷ്ട്രീയം നിറഞ്ഞതാണ് കേരളമെങ്കിലും വികസനത്തിന്റെ വളർച്ച പോരാ എന്ന് തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ശക്തമായി സംസാരിക്കുന്നത്. ബിസിനസിന് സ്വതന്ത്ര്യം കൊടുക്കണമെന്ന നിലപാടായിരുന്നില്ല കോൺഗ്രസിന് മുമ്പുണ്ടായിരുന്നത്. 1991ന് ശേഷം കോൺഗ്രസ് മാറിയപ്പോഴാണ് എനിക്ക് ആ പാർട്ടിയോട് കൂടുതൽ താത്പര്യം വന്നത്. അതിന് മുമ്പ് എനിക്ക് ഒരു പാർട്ടിയും ഇല്ലായിരുന്നു. എല്ലാ പാർട്ടികളേയും എതിർത്തിട്ടുണ്ട്.
ബിജെപിയുടെ വർഗീയതയെയും കമ്മ്യൂണിസ്റ്റുകാരുടെ പഴയ ഐഡിയോളജിയേയും എതിർത്തിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾ വരുമ്പോൾ എതിർക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കമ്പ്യൂട്ടർ വന്നപ്പോൾ അത് തല്ലിപ്പൊളിച്ച ആൾക്കാരാണ്. മൊബൈൽ ഫോൺ വന്നപ്പോൾ അത് പണക്കാരുടേതാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കമ്മ്യൂണിസ്റ്റ് ഓഫീസുകളിൽ കമ്പ്യൂട്ടറുണ്ട്. നേതാക്കളുടെ പോക്കറ്റിൽ മൊബൈലുമുണ്ട്. സ്വകാര്യ സർവകലാശാലയെ എതിർത്തവരായിരുന്നു. ഇപ്പോൾ അതിനെ അനുകൂലിച്ചു. വിദേശ സർവകലാശാല വേണ്ടെന്ന് ഇപ്പോൾ പറയുന്നു. ഞാൻ ഉറപ്പ് തരാം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവർ അതിനെയും സ്വീകരിക്കും. എല്ലാറ്റിലും അവർ പിറകെയാണ്.
അടിയന്തരാവസ്ഥയേയും ഞാൻ എതിർത്തിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ തന്നെ എതിർപ്പ് നേരിട്ടിട്ടുള്ള ആളാണ് ഞാൻ. അന്ന് എന്റെ കോലം കത്തിച്ചവർ ഇപ്പോഴമുണ്ട്. ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും കുറ്റംകണ്ട് പിടിക്കാൻ എന്റെ സ്വന്തം പാർട്ടിയിൽ പലരുമുണ്ട്. അതിനെ കുറിച്ച് ആശങ്കയൊന്നുമില്ല. വിദേശകാര്യനയത്തിലും എന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. എന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ നയം പറയുന്നു.
ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തന്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. വായനയിലൂടെയാണ് ഹിന്ദുത്വത്തിലേക്കുള്ള വഴി തുറന്നത്. മോഹൻ ഭാഗതുമായി ഒരിക്കൽ ഒരു ചെറിയ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്നുള്ള നിലപടിനോട് ഒരിക്കലും യോജിക്കാനാവില്ല.
ഞാൻ മുൻമന്ത്രിയായി കഴിഞ്ഞു, ഇനി മുൻ എംപിയാകാം, എന്നാൽ ഒരിക്കലും ഞാൻ മുൻ എഴുത്തുകാരൻ ആകില്ല. രാജ്യത്തിന് വേണ്ടി വല്ല കാര്യങ്ങൾ നന്നായി ചെയ്യാൻ സാധിച്ചാൽ ചെയ്യും. പ്രതിപക്ഷത്തിരുന്നാൽ ചില പരിമതികളുണ്ട്. കോൺഗ്രസിലായിരിക്കുമോ തരൂരിന്റെ ഭാവിയെന്ന ചോദ്യത്തിന്; ഞാൻ ഒരു ജ്യോതിഷിയല്ല. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. തിരുവനന്തപുരത്തെ വോട്ടർമാർ എന്നെ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തു. എനിക്ക് അവിടെ ഒരു സ്ഥാനമുണ്ട്. ഞാൻ പാർലമെന്റിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ഞാൻ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഞാൻ അതിനായി പ്രവർത്തിക്കുന്നു- തരൂർ മറുപടി നൽകി.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതുവരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും തരൂർ മറുപടി നൽകി. പലരും ആഗ്രഹിക്കുന്നുണ്ട്, ഞാൻ കേരളത്തിന്റെ വിഷയത്തിൽ കുറച്ചുകൂടി ഇടപെടണമെന്നത്. കഴിഞ്ഞ തവണ യുഡിഎഫ് എന്നെ പ്രകടന പത്രികാ കമ്മിറ്റിയുടെ ചെയർമാനാക്കി. അത് നന്നായി കൈകാര്യം ചെയ്യാനും പ്രവർത്തിക്കാനും അവസരമുണ്ടാക്കി. രാഷ്ട്രീയത്തിൽ വന്നശേഷം മൂന്ന് തവണയും പാർട്ടിക്കായി കേരളത്തിൽ പ്രചാരണം നടത്തിയിട്ടുണ്ട്.
പാർട്ടിക്ക് ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ അത്ര ആവശ്യമുണ്ടായിരുന്നില്ല. അവസാന തിരഞ്ഞെടുപ്പിൽ കൂടുതൽ ആവശ്യമുണ്ടായിരുന്നു. 2026ൽ എന്ത് ആവശ്യപ്പെടുമെന്ന് നോക്കാം. സ്വന്തം പാർട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രം നമുക്ക് ജയിക്കാനാകില്ല. എപ്പോഴും പിന്തുണ തരുന്നവരുടെ വോട്ടിന് അപ്പുറത്തേക്കുള്ള വോട്ടുകൾ പിടിച്ചാലെ അധികാരത്തിലെത്താൻ കഴിയൂവെന്ന് ഞാൻ എപ്പോഴും പറയും. തിരുവനന്തപുരത്ത് സംസാരവും പെരുമാറ്റവും കണ്ടിട്ട് കോൺഗ്രസ് പാർട്ടിയെ ഇഷ്ടപ്പെടാത്തവർ പോലും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ അവിടെ ജയിച്ചിട്ടുണ്ടാകില്ല. അതാണ് 2026ൽ വേണ്ടത്.
ജനകീയതയെ കുറിച്ച് പല നേതാക്കളും എന്നോട് സംസാരിച്ചിട്ടുണ്ട്, മാത്രമല്ല ഘടകകക്ഷികളിൽ പലരും സംസാരിച്ചിട്ടുണ്ട്. ഒന്ന് രണ്ട് പബ്ലിക് സർവേകളും എന്നെ കാണിച്ചിട്ടുണ്ട്. ഞാൻ ഒരു ശ്രമവും നടത്താതെ, ആൾക്കാരുടെ മനസ്സിൽ മുന്നിട്ട് നിൽക്കുന്നു. അതിനെ പാർട്ടിക്ക് ഉപയോഗിക്കാൻ താത്പര്യം ഉണ്ടെങ്കിൽ ഞാൻ ഉണ്ടാകും. പാർട്ടിക്ക് താത്പര്യമില്ലെങ്കിൽ നമുക്ക് നമ്മുടെ പാട് നോക്കാം. എനിക്ക് സമയം ചെലവഴിക്കാൻ ഓപ്ഷൻ ഇല്ലെന്ന് വിചാരിക്കരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രഭാഷണങ്ങളുണ്ട്, ലോകം മുഴുവൻ ഓടിനടക്കാൻ ക്ഷണങ്ങളുണ്ട്.
ഈ രാജ്യത്തെ സേവിക്കാനാണ് ഇങ്ങോട്ടേക്ക് തിരിച്ചുവന്നത്. ഐക്യരാഷ്ട്രസഭ വിട്ടതിന് ശേഷവും നല്ല രീതിയിൽ സമ്പാദിച്ച് അമേരിക്കയിൽ സുഖമായി കഴിയുകയായിരുന്നു. സോണിയ ഗാന്ധിയും മൻമോഹൻ സിങും രമേശ് ചെന്നിത്തലയുമൊക്കെയാണ് എന്നെ കോൺഗ്രസിലേക്കെത്തിച്ചതും മത്സരിപ്പിച്ചതും. ആ ക്ഷണം വന്ന് ഒരു സെക്കൻഡ് പോലും കാത്തിരിക്കാതെയാണ് ഞാൻ യെസ് പറഞ്ഞത്.
രാഷ്ട്രീയക്കാരനെ പോലെയല്ല ഞാൻ സംസാരിക്കുന്നതെന്ന് ചിലർ പറയാറുണ്ട്. നമ്മൾ എതിർക്കുന്ന പാർട്ടിക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ ഞാൻ അംഗീകരിക്കാൻ തയ്യാറാകാറുണ്ട്. രാഷ്ട്രീയത്തിൽ അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഭൂരിപക്ഷം ജനങ്ങളും കടുത്ത പാർട്ടി പ്രവർത്തകരല്ല. നല്ല കാര്യങ്ങൾ ചെയ്താൽ ആളുകൾ അംഗീകരിക്കും. നെഗറ്റീവ് ഇഷ്ടപ്പെടുന്നവരല്ല പൊതുജനങ്ങൾ, പക്ഷേ പാർട്ടിക്കുള്ളിലാണ് ഈ നെഗറ്റീവുള്ളത്. പാർട്ടിക്ക് എന്നെ ആവശ്യമില്ലെങ്കിൽ അതിനെ വെല്ലുവിളിക്കാനൊന്നും പോകില്ല- തരൂർ കൂട്ടിച്ചേർത്തു.
Video Source:
Content Summary: 'I won't join BJP, I'm not an astrologer to predict political future'; Full version of Tharoor's controversial podcast released
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !