വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.
ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണ്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് പലവട്ടം പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ എന്നിവ ഉള്‍പ്പെടുന്നതാണ് കള്ളാടിയോട് ചേര്‍ന്നുള്ള പരിസര പ്രദേശങ്ങള്‍. വയനാട്ടില്‍ തുരങ്കപാത എത്തുന്നത് ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്താണ്. അതായത് വയനാട് തുരങ്കപാതയുടെ ഭാഗമായി വരുന്ന പ്രദേശമാണ് ചൂരല്‍മലയുടെ ഭാഗങ്ങള്‍. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്.
പൊതുമരാമത്ത് വകുപ്പ് ആണ് വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നല്‍കിയത്. കൊങ്കണ്‍ റെയില്‍വേയാണ് ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി പ്രവര്‍ത്തിക്കുന്നത്. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിര്‍ദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാണ് കടന്നുപോകുക. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയും ബംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും.
Content Summary: Wayanad Tunnel: Approval from State Environmental Impact Committee
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !