തിരുവനന്തപുരം|സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കൾക്കായി വൻ ഇളവുകളോടെ ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൈദ്യുതി ബിൽ കുടിശ്ശികകൾ ഈ പദ്ധതിയിലൂടെ അനായാസം തീർക്കാം. കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരമുണ്ട്.
2025 മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് ഈ പദ്ധതി നടപ്പാക്കും. വൈദ്യുതി മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം രൂപകല്പന ചെയ്ത ഈ പദ്ധതിയിൽ കുടിശ്ശികയുടെ പലിശയിൽ വൻ ഇളവുകൾ ലഭിക്കും. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശ്ശികയുടെ 18% പലിശ പൂർണമായി ഒഴിവാക്കും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18% പലിശയ്ക്ക് പകരം 4%, 2 മുതൽ 5 വർഷം വരെയുള്ളവയ്ക്ക് 6% എന്നിങ്ങനെ കുറഞ്ഞ നിരക്കിൽ തീർപ്പാക്കാം.
പലിശ തുക ആറ് മാസത്തെ തുല്യ ഗഡുക്കളായി അടയ്ക്കാനും സൗകര്യമുണ്ട്. കുടിശ്ശികയും ഇളവ് ലഭിച്ച പലിശയും ഒറ്റത്തവണ അടയ്ക്കുന്നവർക്ക് ബിൽ തുകയിൽ 5% അധിക ഇളവ് ലഭിക്കും. അതായത്, 95% തുക മാത്രം അടച്ചാൽ മതി.
റവന്യൂ റിക്കവറി നടപടികളിലോ കോടതി വ്യവഹാരങ്ങളിലോ ഉള്ള കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. കേബിൾ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും പദ്ധതിയിൽ ഉൾപ്പെടും. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് സെക്ഷൻ ഓഫീസുകളിലും, ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫീസർ റവന്യൂ കാര്യാലയത്തിലും സേവനം ലഭ്യമാണ്. കൂടാതെ, https://ots.kseb.in എന്ന വെബ് പോർട്ടൽ വഴി കുടിശ്ശിക വിവരങ്ങൾ അറിയാനും പണമടയ്ക്കാനും സൗകര്യമുണ്ട്.
കെഎസ്ഇബിയുടെ ചരിത്രത്തിൽ ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ആദ്യമായാണ്.
Content Summary: Huge discounts for customers; KSEB announces one-time settlement scheme
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !