കോഴിക്കോട്|കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഒമ്പത് പേരുടെ ജീവൻ കവർന്ന ഷിരൂർ ദുരന്തത്തിന് ഒരു വർഷം പൂർത്തിയായി. കഴിഞ്ഞ വർഷം ഈ സമയം, ശക്തമായ മഴയെ തുടർന്ന് കേരള-കർണാടക ദേശീയപാതയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അർജുനൊപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളും മരണപ്പെട്ടിരുന്നു. ഗംഗാവലി പുഴയിൽ 72 ദിവസം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലും അപകടത്തിൽപ്പെട്ട രണ്ട് പേരെ കണ്ടെത്താനായിട്ടില്ല.
അതിശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായി ചിലർ കുടുങ്ങിയെന്ന പ്രാഥമിക വിവരത്തിനപ്പുറം, രണ്ട് ദിവസത്തിന് ശേഷമാണ് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറി അപകടത്തിൽപ്പെട്ടതായും ഫോൺ റിംഗ് ചെയ്യുന്നതായും കുടുംബം വെളിപ്പെടുത്തിയത്. തുടർന്ന്, കോഴിക്കോട് എം.പി. എം.കെ. രാഘവൻ കർണാടക മന്ത്രിമാരുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മാധ്യമശ്രദ്ധ ഷിരൂരിലേക്ക് തിരിയുകയും, നമ്മളിൽ ഒരാൾക്ക് വേണ്ടി കേരള ജനത ഒറ്റക്കെട്ടായി നിന്ന ആ ദിവസങ്ങൾ, ഗംഗാവലി പുഴയിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
ആകെ 11 പേർ അപകടത്തിൽപ്പെട്ടെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി. അർജുൻ്റെ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങൾ. റോഡിനോട് ചേർന്നുള്ള ഭാഗത്തെ മണ്ണ് നീക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല. തുടർന്ന്, കേന്ദ്രസേനയുടെ സഹായത്തോടെ റോഡിലും ഗംഗാവലി പുഴയിലും ഒരേസമയം പരിശോധന തുടങ്ങി. മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുകയും പുഴ കുത്തിയൊലിച്ച് ഒഴുകുകയും ചെയ്തത് നേവിയുടെ മുങ്ങൽ വിദഗ്ധർക്ക് പോലും പുഴയിലിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. ഈ ഘട്ടത്തിൽ, ഈശ്വർ മാൽപ്പെ എന്ന വ്യക്തിയുടെ രംഗപ്രവേശം രക്ഷാപ്രവർത്തനത്തിൽ നിർണായകമായി.
പുഴയിൽ നിന്ന് മണ്ണ് നീക്കാനായി എത്തിച്ച എർത്ത് മൂവിംഗ് മെഷീൻ നിർണായക വഴിത്തിരിവായി. കാണാതായ ലക്ഷ്മണയുടെ കടയുടെ ഭാഗങ്ങളും അർജുന്റെ ലോറിയിലുണ്ടായിരുന്ന കയറുകളും കണ്ടെത്തി. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രപാൽ ദുരന്ത സ്ഥലത്തെത്തി നിർണായക പരിശോധനകൾക്ക് നേതൃത്വം നൽകി. പിന്നീട് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു.
നാവികസേനയുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ ഗംഗാവലി നദിയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി. ലോറി അർജുന്റേതാണെന്ന് കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചതോടെ, പിന്നീട് പുഴയിൽ മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയായി. മഴയുടെ ശക്തി വർധിച്ചതോടെ പതിനാലാം നാൾ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് ഷിരൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒപ്പം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇടതുപക്ഷ എം.എൽ.എമാരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ദിവസങ്ങൾക്ക് ശേഷം മഴ കുറഞ്ഞതോടെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചു. എന്നാൽ, പുഴയുടെ നടുഭാഗത്തെ മണ്ണ് നീക്കാൻ കഴിഞ്ഞില്ല. നാല് ദിവസം മാത്രം നീണ്ടുനിന്ന രക്ഷാദൗത്യത്തിന്റെ രണ്ടാം ഘട്ടവും ഇതോടെ അവസാനിച്ചു. കർണാടക സർക്കാർ രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിക്കാനൊരുങ്ങിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെടുകയും കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് നിർണായകമായ രക്ഷാദൗത്യത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.
പല പ്രതിസന്ധികൾക്കും ഒടുവിൽ എഴുപത്തിരണ്ടാം നാൾ രാവിലെ ലോറി കണ്ടെത്താനായി. ഒഴുകിക്കൊണ്ടിരുന്ന ലോറി ഹുക്ക് ചെയ്ത് ഉറപ്പിച്ചു. ഉച്ചയ്ക്ക് 3 മണിയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുകയും ലോറിക്കുള്ളിൽ നിന്ന് അർജുൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
രണ്ട് മാസത്തിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഡി.എൻ.എ. പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഷിരൂർ മുതൽ കോഴിക്കോട്ടെ വീടുവരെയുള്ള പല സ്ഥലങ്ങളിലും പൊതുദർശനത്തിന് വെച്ചു. വികാരനിർഭരമായ നിമിഷങ്ങൾക്കൊടുവിലാണ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചത്.
അർജുനെ കണ്ടെത്തിയതിന് പിന്നാലെ കർണാടക സർക്കാർ രക്ഷാദൗത്യം പൂർണമായി അവസാനിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയതോടെ ആകെ മരണം 9 ആയി. അപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ഇനിയും രണ്ട് പേരെ കണ്ടെത്താനായിട്ടില്ല. വർഷം ഒന്ന് കഴിഞ്ഞെങ്കിലും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ അർജുൻ ഒരു നോവായി അവശേഷിക്കുന്നു. അതേസമയം, എവിടെയോ നഷ്ടപ്പെട്ടുപോകുമായിരുന്ന അർജുനെ മലയാളിയെന്ന ഐക്യബോധത്തിൽ വീണ്ടെടുത്തുവെന്ന ആശ്വാസവും ഈ ദുരന്തം ഓർമ്മിപ്പിക്കുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: One year since the Shirur tragedy: 9 people including Kozhikode native Arjun died in the accident, 2 are still unidentified
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !