സംസ്ഥാനത്തെ സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാരിന് മുന്നിൽ ബദൽ നിർദേശങ്ങളുമായി സമസ്ത രംഗത്ത്. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം ഒഴിവാക്കി പകരം വൈകുന്നേരം അരമണിക്കൂർ ക്ലാസ് സമയം വർദ്ധിപ്പിക്കണമെന്നാണ് സമസ്തയുടെ പ്രധാന ആവശ്യം. കൂടാതെ, ഓണം, ക്രിസ്മസ് അവധികളിൽ നിന്ന് അധിക പ്രവൃത്തി ദിനങ്ങൾ കണ്ടെത്താമെന്നും, മറ്റ് സംസ്ഥാനങ്ങൾ സ്കൂൾ പ്രവൃത്തിദിനം കൂട്ടിയ രീതി മാതൃകയാക്കാമെന്നും സമസ്ത സർക്കാരിനെ അറിയിക്കും.
നിലവിൽ രാവിലെ 9.45-ന് ക്ലാസ് ആരംഭിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതിനുപകരം 10 മണിക്ക് ക്ലാസ് ആരംഭിച്ച്, രാവിലത്തെ 15 മിനിറ്റ് ഉൾപ്പെടുത്തി വൈകുന്നേരം 4.15-ന് വിടുന്ന ക്ലാസ് 4.30-ലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നാണ് സമസ്ത ആവശ്യപ്പെടുന്നത്. ഓണം, ക്രിസ്മസ് അവധിക്കാലങ്ങളിൽ പ്രവൃത്തിദിനങ്ങളാക്കുന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പ്രവൃത്തിദിനം കൂട്ടാം
പ്രവൃത്തിദിനം കൂട്ടുന്നതിനായി മറ്റ് സംസ്ഥാനങ്ങളുടെ രീതി മാതൃകയായി സ്വീകരിക്കാമെന്നും സമസ്ത പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ 240 പ്രവൃത്തിദിനങ്ങൾ വരെ നിലവിലുണ്ട്. എന്നാൽ കേരളത്തിൽ ഈ സ്ഥിതിയില്ല. പ്രവൃത്തിദിനം കൂട്ടാനായി ശനിയാഴ്ചയും അവധിക്കാലത്തും ക്ലാസുകൾ നടത്താമെന്നും സമസ്ത സർക്കാരുമായുള്ള ചർച്ചയിൽ നിർദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാഭ്യാസവും മതവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് മന്ത്രി
സ്‌കൂൾ സമയത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസവും മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും, വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സർക്കാർ സ്കൂളിലെ പഠന സമയം പുനഃക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയ്ക്ക് അവരുടെ അഭിപ്രായം പറയാമെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും ശിവൻകുട്ടി അറിയിച്ചു.
സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ പോകുമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു. ചർച്ച ചെയ്താൽ അതിൻ്റെതായ ഫലം ഉണ്ടാകുമെന്നും, മനുഷ്യന്മാർ മുഖാമുഖം സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ലെന്നും, അവഗണിച്ചാൽ അതിൻ്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും ഉമർ ഫൈസി മുന്നറിയിപ്പ് നൽകി. പൊതുവിദ്യാഭ്യാസത്തിൻ്റെ കാര്യം സമുദായ സംഘടനകൾ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാൽ ജനങ്ങളെ വിരട്ടാൻ മന്ത്രി നോക്കേണ്ടെന്ന് തങ്ങൾക്കും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത കേൾക്കാം
Content Summary: Samastha presents alternative proposals to the government on the issue of changing school timings
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !