ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് പിന്നാലെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ജെസിയെയും അമ്മാവന്‍ അലോഷ്യസിനയും പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയതിന് അച്ഛന്‍ ജോസ്മോനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തില്‍ അമ്മ ജെസിയ്ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകവിവരം മറച്ചുവച്ചതിനാണ് അമ്മാവന്‍ അലോഷ്യസിനെ അറസ്റ്റ് ചെയ്തത്. ജോസ് മോന്‍ തോര്‍ത്ത് ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചപ്പോള്‍ കൈകള്‍ പിടിച്ചുവെച്ച് സഹായിച്ചത് ജെസിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മകള്‍ സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കേസിലെ മുഖ്യപ്രതിയും ജാസ്മിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാന്‍സിസിന്റെ മൊഴി. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എയ്ഞ്ചല്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാത്രി പുറത്തേക്ക് പോയിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവര്‍ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചല്‍ പുറത്തേക്കു പോയിരുന്നത്. ഇതിനു മുന്‍പും ജോസ്‌മോന്‍ എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തില്‍ വിലക്കിയിരുന്നുവെന്നാണ് വിവരം.
നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ജോസമോനോട് സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്‌മോന്‍ ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ജോസ്‌മോന്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കുകയും മകളുടെ കൈപിടിച്ചുവച്ച് അമ്മ ജെസി സഹായിക്കുകയും ചെയ്തു. എയ്ഞ്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഷെഡിനു മുകളില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോര്‍ത്ത്.
എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. പുലര്‍ച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ ഓരോരുത്തരെ പ്രത്യേകം ചോദ്യം ചെയ്തു.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്‌കൂട്ടറുമായി പുറത്ത് പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോര്‍ത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാന്‍സിസ് പൊലീസിനു നല്‍കിയ മൊഴി.
പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടര്‍ന്നു ഫ്രാന്‍സിസിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.
Content Summary: Uncle also arrested in Angel murder case
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !