തിരുവനന്തപുരം|സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ, പൊതു, സ്വകാര്യ നീന്തൽക്കുളങ്ങൾക്ക് കർശന സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയമം അനുസരിച്ചുള്ള ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
നീന്തൽക്കുളങ്ങളിലൂടെ രോഗം പടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം 27-നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ഉത്തരവിറക്കിയത്. തിരുവനന്തപുരത്തെ ആക്കുളത്ത് ഒരു പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ ഈ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ആശങ്കയോടെ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ രോഗവ്യാപനം തടയുന്നതിനാണ് ആരോഗ്യവകുപ്പ് ഊന്നൽ നൽകുന്നത്.
നീന്തൽ കുളങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട സുരക്ഷാ നിര്‍ദേശങ്ങള്‍:
നീന്തൽ കുളങ്ങളിലെ ജലം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം അഞ്ച് മില്ലി ഗ്രാം എന്ന തരത്തിൽ ക്ലോറിന്‍റെ അളവ് നിലനിര്‍ത്തണം. ഓരോ ദിവസവും ഇക്കാര്യം നിര്‍ദ്ദിഷ്ട രജിസ്റ്ററിൽ രേഖപ്പെടുത്തണം. പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ ഈ രജിസ്റ്റര് ഹാജരാക്കണം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തൽ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ ചുമതലക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതാത് പ്രദേശങ്ങ ളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് പരിശോധിച്ച് ആഴ്ച തോറും സംസ്ഥാന സര്‍വെയലന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രൊസിക്യുഷൻ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ മാത്രം പത്ത് പേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാല് കുട്ടികളും ഉൾപ്പെടും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ മുപ്പതുകാരി സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗബാധ. ഒരു മാസത്തിനിടെ ആറു പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മാത്രം മരിച്ചത്. രോഗലക്ഷണവുമായി എത്തുന്ന എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
ഈ വാർത്ത കേൾക്കാം
Content Summary: Amebic encephalitis: Strict safety guidelines for swimming pools
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !