തിരുവനന്തപുരം: ഇന്ന് ലോക ഹൃദയ ദിനം. സ്വന്തം ഹൃദയത്തെ കരുതലോടെ സൂക്ഷിക്കുന്നതിനൊപ്പം, പുതിയ ഹൃദയം കാത്തിരിക്കുന്ന സഹജീവികളെ ഓർക്കാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വ്യാജ പ്രചാരണങ്ങളുമാണ് കേരളത്തിൽ ഈ രംഗത്തെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ. ഈ ധാരണകളിൽ ഒരു മാറ്റമാണ് ഇനി സംസ്ഥാനത്തിന് ആവശ്യം.
അവയവദാനത്തിനായി കേരളത്തിൽ നിലവിൽ കാത്തിരിക്കുന്നവരുടെ എണ്ണം 2844 ആണ്. ഇതിൽ ഹൃദയം മാറ്റിവയ്ക്കാനായി മാത്രം കാത്തിരിക്കുന്നത് 85 പേരാണ്. ഈ രംഗത്ത് കൂടുതൽ മുന്നേറണമെങ്കിൽ ആർക്കൊക്കെ അവയവം ദാനം ചെയ്യാം എന്നതിനെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം.
ആർക്കൊക്കെ, എപ്പോഴൊക്കെ ദാനം ചെയ്യാം?
അവയവങ്ങൾ ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും ദാനം ചെയ്യാൻ സാധിക്കും.
❤️മസ്തിഷ്ക മരണം (Brain Death): മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഒരാളുടെ ഹൃദയം, കരൾ, വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, ഹൃദയവാൽവ്, കോർണിയ, ചെറുകുടൽ, കൈ എന്നിവ ദാനം ചെയ്യാം.
❤️ജീവിച്ചിരിക്കുമ്പോൾ: ആരോഗ്യവാനായ ഒരാൾക്ക് 18 മുതൽ 55 വയസ്സുവരെ കരളും വൃക്കയും ദാനം ചെയ്യാം. അവയവദാനത്തിന് ശേഷവും ഇവർക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും.
❤️സ്വാഭാവിക മരണം: സ്വാഭാവിക മരണം സംഭവിച്ചാൽ നേത്രപടലങ്ങൾ (Cornea) മാത്രമാണ് ദാനം ചെയ്യാൻ സാധിക്കുക.
അവയവങ്ങൾ ആവശ്യമുള്ളവരെയും ദാനം ചെയ്യാൻ തയ്യാറുള്ളവരെയും ബന്ധിപ്പിക്കുന്ന സർക്കാർ പദ്ധതിയാണ് മൃതസഞ്ജീവനി. മരണാനന്തരം അവയവം നൽകാൻ താൽപര്യമുള്ള ആർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം.
രാജ്യത്ത് അവയവദാനത്തിൽ ഒന്നാമതുള്ളത് തമിഴ്‌നാടാണ്. കഴിഞ്ഞ വർഷം മാത്രം അവിടെ 1,500 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം ചെയ്യുന്നവരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും എന്നതടക്കമുള്ള സർക്കാർ തീരുമാനങ്ങളാണ് തമിഴ്‌നാടിനെ ഈ നേട്ടത്തിലെത്തിച്ചത്.
കേരളത്തിൽ നിലവിൽ എണ്ണായിരത്തോളം പേർ അവയവദാന സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിലും, മരണാനന്തരം അവയവദാനത്തിന് അന്തിമ അനുമതി നൽകേണ്ടത് പങ്കാളിയോ രക്ഷിതാക്കളോ സഹോദരങ്ങളോ ആണ്. അതിനാൽ, ജനങ്ങൾ ബോധവാന്മാരാകുന്നതിനൊപ്പം ശക്തമായ സർക്കാർ ഇടപെടലുകളും പ്രോത്സാഹനങ്ങളും ഈ രംഗത്ത് ഇനിയും ആവശ്യമുണ്ട്.
50 വയസ്സിന് താഴെയുള്ള 25% ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഹൃദയാഘാതം വർദ്ധിക്കുന്നതിന് ഏറ്റവും സാധാരണമായ ഘടകങ്ങൾ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, മോശം ഭക്ഷണക്രമം, പുകയിലയുടെയും മദ്യത്തിന്റെയും അമിത ഉപയോഗം എന്നിവയാണ് എന്ന് ഡോക്ടർമാർ പറയുന്നു.
പുകവലിക്കാരിൽ നിന്ന് 80 മീറ്റർ അകലം പാലിക്കുക, പൂരിത കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, സമ്മർദ്ദം, പുകവലി, ഉറക്കമില്ലായ്മ, ഉദാസീനമായ ജീവിതശൈലി എന്നിവ ഒഴിവാക്കുക. നല്ല ബന്ധങ്ങളും സന്തോഷവും വളർത്തിയെടുക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്ന ശീലങ്ങൾ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി കാർഡിയോളജിസ്റ്റ് ഡോ. പി.സി. മനോരിയ പറയുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVD) ഉണ്ടാകാനുള്ള പ്രധാന അപകട ഘടകങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകയില ഉപയോഗം, മദ്യപാനം, ഉപ്പും കൊഴുപ്പും കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ്.
"Don't Miss a Beat"എന്നതാണ് ഈ വർഷത്തെ ലോക ഹൃദയദിന സന്ദേശം.1999-ൽ ലോകാരോഗ്യ സംഘടനയുമായി (WHO) സഹകരിച്ച് വേൾഡ് ഹാർട്ട് ഫെഡറേഷൻ (WHF) ലോക ഹൃദയ ദിനം ആചരിക്കാൻ തീരുമാനിച്ചു. ഹൃദ്രോഗം ആശങ്കാജനകമായ തോതിൽ വർദ്ധിച്ചുവരികയാണ്.
ഈ വാർത്ത കേൾക്കാം
Content Summary: Today is World Heart Day: Kerala needs a new vision to move forward in organ donation
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !