ഇന്ത്യൻ തീർത്ഥാടകർക്ക് ആശ്വാസമായി, 2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ക്വാട്ട സൗദി അറേബ്യ നിശ്ചയിച്ചു. 1,75,025 പേർക്കാണ് അടുത്ത വർഷം ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകാൻ സാധിക്കുക. ഇതുസംബന്ധിച്ച ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു.
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു, സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ്‌സാൻ അൽ റബിയ എന്നിവരാണ് ജിദ്ദയിൽ വെച്ച് കരാറിൽ ഒപ്പുവെച്ചത്. കരാറിൽ ഒപ്പുവെക്കുന്നതിൻ്റെ ഭാഗമായി നവംബർ 7 മുതൽ 9 വരെ കിരൺ റിജിജു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.
ഹജ്ജ്, ഉംറ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിലവിലെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തുകയും തീർത്ഥാടന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. സുഗമവും സുഖകരവുമായ തീർത്ഥാടനാനുഭവം ഉറപ്പാക്കുന്നതിനായി പ്രധാനമായും സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഗതാഗത സൗകര്യം, താമസ സൗകര്യം, ആരോഗ്യ സേവനങ്ങൾ, ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും വർദ്ധിപ്പിക്കൽ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കിരൺ റിജിജു അവലോകന യോഗങ്ങൾ നടത്തി. തീർത്ഥാടകർക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജിദ്ദയിലെയും തെയ്ഫിലെയും ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. ജിദ്ദയിലെയും തെയ്ഫിലെയും ഇന്ത്യൻ പ്രവാസികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഹജ്ജ് കരാർ ഒപ്പുവെച്ച നടപടി, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര, സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കുന്നു. സാംസ്‌കാരിക വിനിമയം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഈ സന്ദർശനം അടിവരയിടുന്നു.
ഉന്നതതല പ്രതിനിധി സംഘം റിജിജുവിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തിരുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു ഇന്ത്യൻ മന്ത്രിയുടെ സന്ദർശനം.
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !