തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട്ട് ജില്ലക്കാരാണ്. അതേസമയം സംസ്ഥാനത്ത് 15 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കണ്ണൂരാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 56പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കുടകിൽ നിന്ന് കാനനപാതയിലൂടെ വന്ന എട്ടുപേരെ കൊവിഡ് കെയർ സെന്ററുകളിലാക്കി. ഡയാലിസിസ്, അർബുദരോഗികൾക്ക് ചികിത്സയ്ക്കായി പ്രത്യേ സൗകര്യം ഏർപ്പെടുത്തും.ഗൾഫിൽ നിന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന് കത്തയച്ചുവെന്നും കേന്ദ്രം ഇക്കാര്യത്തിലുള്ള നൂലാമാലകൾ നീക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനടിക്കറ്റിൽ റീഫണ്ട് നൽകുന്നതിനുള്ള ഉപാധി മാറ്റണം. മുഴുവൻ തുകയും തിരിച്ച് നൽകാൻ കമ്പനികളോട് ആവശ്യപ്പെടും. സംസ്ഥാന അതിർത്തികളിൽ കർശന ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.റംസാൻ നോമ്പിന്റെ കാലമായതിനാൽ അഞ്ച് മണിക്കാണ് ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിന് എത്തിയത്. ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ഡയാലിസിസ് രോഗികൾക്ക് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾ വഴി മരുന്ന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തയ്യൽ തൊഴിലാളി ക്ഷേമബോർഡിനു പ്രത്യേക സഹായം നൽകും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ നൽകും. മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പൂർണ രൂപം
കോവിഡ് പോസിറ്റീവായ പ്രായം ചെന്നവരെ മാത്രമല്ല, കുഞ്ഞുങ്ങളെയും വരെ രോഗമുക്തമാക്കിയതാണ് സംസ്ഥാനത്തിന്‍റെ അനുഭവം. രാജ്യത്തുതന്നെ ആദ്യമായി ഒരുവയസ്സും 10 മാസവും പ്രായമായ കുഞ്ഞിന്‍റെ അസുഖം ഭേദമാക്കിയിരുന്നു. തുടര്‍ന്ന് 2 വയസ്സുള്ള കുഞ്ഞിന്‍റെ അസുഖം ഭേദമാക്കിയതും നമ്മള്‍ കണ്ടു.
എന്നാലിന്ന് ഒരു കുഞ്ഞ് മരണപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം മാത്രം പ്രായമുള്ള ഈ കുട്ടി, ഹൃദയസംബന്ധമായ അസുഖംമൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജډനാ ഹൃദയത്തിന് വൈകല്യമുള്ള ഈ കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. പിഞ്ചുകുഞ്ഞിന്‍റെ വേര്‍പാട് ഏറെ ദുഃഖകരമാണ്.
ഇന്നത്തെ പരിശോധനാ ഫലം 3 പേര്‍ക്ക് പോസിറ്റീവും 15 പേര്‍ക്ക് നെഗറ്റീവുമാണ്. പോസിറ്റീവായ മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ 3 വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21,941 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 20,830 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ളത്- 56 പേര്‍. കാസര്‍കോട് ജില്ലക്കാരായ 18 പേരാണ് ചികിത്സയിലുള്ളത്. തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ല.
കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് കാട്ടിലൂടെ അതിര്‍ത്തി കടന്നുവന്ന എട്ടു പേരെ കൊറോണ കെയര്‍ സെന്‍ററിലാക്കി. ഈ ഒരാഴ്ച്ച ഇങ്ങനെ 57 പേരാണ് കുടകില്‍ നിന്നും നടന്ന് അതിര്‍ത്തി കടന്നുവന്നത്. ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്‍ററിലായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് സംസ്ഥാന അതിര്‍ത്തികളിലെല്ലാം സംഭവിക്കാനിടയുള്ളതാണ്. ഇക്കാര്യത്തില്‍ നല്ല ജാഗ്രത അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഉണ്ടാകണം.
കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ വാങ്ങി നല്‍കും. ലോക്ക്ഡൗണ്‍മൂലം വരുമാനം നിലച്ച നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവച്ച മറ്റു രോഗികള്‍, അര്‍ബുദരോഗ ബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുവാന്‍ കാലതാമസം വരുന്നപക്ഷം കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതിയും തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ആര്‍സിസിയില്‍ കന്യാകുമാരിയില്‍നിന്നും സമീപ ജില്ലകളില്‍നിന്നും സ്ഥിരമായി ചികിത്സയ്ക്കെത്തുന്ന രോഗികളുണ്ട്. അവരുടെ സൗകര്യാര്‍ത്ഥം ആര്‍സിസിയുടെ നേതൃത്വത്തില്‍ കന്യാകുമാരി ജില്ലാ ആശുപത്രിയെ ആര്‍സിസിയുടെ നേതൃത്വത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ സഹകരണത്തോടെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ട്. 560 പേരാണ് ആ മേഖലയില്‍നിന്ന് ആര്‍സിസിയില്‍ സ്ഥിരമായി ചികിത്സയ്ക്കെത്തുന്നത്.
നഗരങ്ങളില്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചു. 82 നഗരസഭകള്‍ക്ക് ഈ തുക പ്രയോജനപ്പെടുത്താനാവും. മാലിന്യ സംസ്ക്കരണം, മഴക്കാല പൂര്‍വ്വ ശുചീകരണം ആരോഗ്യ ജാഗ്രത, ജലസംരക്ഷണം, വനവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപ കൂടി അനുവദിച്ചു. ഇതുവരെ ആകെ അനുവദിച്ചത് 27.5 കോടി.
കേരള തയ്യല്‍ തൊഴിലാളി ക്ഷേമബോര്‍ഡിന് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിനായി 9 കോടി 70 ലക്ഷം രൂപ അനുവദിച്ചു. നേരത്തേ 53.6 കോടി അനുവദിച്ചിരുന്നു.
മൂന്നാറില്‍ റേഷന്‍ വിതരണത്തിലെ ക്രമക്കേട് ഇന്നലെ സൂചിപ്പിച്ചിരുന്നു. അവിടെ പരിശോധന നടത്തി എ.കെ. ത്യാഗരാജന്‍ എന്ന റേഷന്‍ കടക്കാരനെ അറസ്റ്റ് ചെയ്യുകയും കടയുടെ അംഗീകാരം റദ്ദാക്കുകയും ചെയ്തു. വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 67 ചാക്ക് റേഷന്‍ ധാന്യങ്ങള്‍ പിടിച്ചെടുത്തു. അനധികൃതമായി സൂക്ഷിച്ച ഗോതമ്പും പച്ചരിയും കണ്ടെടുത്തു.
പ്രധാനമന്ത്രിക്ക് കത്ത്
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജി.സി.സി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ നിര്‍ത്തിവെച്ചത് ഗള്‍ഫ് മലയാളികളെ ഇപ്പോള്‍ തന്നെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാക്കിയിട്ടുണ്ട്. അതിനിടെയാണ് പുതിയ പ്രശ്നം വന്നിട്ടുള്ളത്.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികളാകട്ടെ, ദില്ലിയിലെ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന്‍) വേണമെന്ന് നിര്‍ബന്ധിക്കുന്നു. എന്നാല്‍, കോവിഡ്-19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിട്ടുണ്ട്. അതിന് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യവും ഇല്ല. അന്താരാഷ്ട്ര ഫ്ളൈറ്റകള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
വിമാനടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ തീയതികളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് എന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
കുടുംബശ്രീ പ്രവര്‍ത്തനം
കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. സഹായ ഹസ്ത പദ്ധതി പ്രകാരം 2000 കോടി രൂപ പലിശരഹിത വായ്പയായി കുടുംബശ്രീയിലൂടെ നടപ്പിലാക്കുകയാണ്. 2.5 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലൂടെ 32 ലക്ഷം കുടുംബങ്ങളിലേയ്ക്ക് ഈ വായ്പ എത്തും.
കമ്യൂണിറ്റി കിച്ചണുകളില്‍ 75 ശതമാനം കമ്യുണിറ്റി കിച്ചണുകള്‍ കുടുംബശ്രീ അംഗങ്ങളിലൂടെയാണ് നടത്തുന്നത്. ഇപ്പോള്‍ ഇത് ജനകീയ ഹോട്ടലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. 350 ജനകീയ ഹോട്ടലുകളാണ് ഇതുവരെ തുടങ്ങിയിട്ടുള്ളത്. സന്നദ്ധസേനയിലേയ്ക്ക് അര ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള മാസ്ക് നിര്‍മാണത്തില്‍ കുടുംബശ്രീ തുടക്കം മുതല്‍ ഏര്‍പ്പെട്ടു. 22 ലക്ഷം മാസ്ക്കുകള്‍ നിര്‍മിച്ചിട്ടുണ്ട്. സാനിറ്റൈസറും ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നു. പ്രായമായിട്ടുള്ളവര്‍ പ്രത്യേക കരുതലോടെ ഇരിക്കണം എന്ന സന്ദേശം വീടുകളിലെത്തിക്കാന്‍ കുടുംബശ്രീ സംഘടനസംവിധാനത്തിന് സാധിച്ചു. അഗതി കുടുംബങ്ങള്‍ക്കും ക്വാറന്‍റൈയിനുള്ള വയോജനങ്ങള്‍ക്കുമൊക്കെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള സ്നേഹിതയിലൂടെയും 360 കമ്യൂണിറ്റി കൗണ്‍സിലര്‍മാരിലൂടെയും ജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമാവശ്യമായ മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.
ഭാവിയില്‍ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുകയെന്ന നമ്മുടെ ലക്ഷ്യം നേടുവാന്‍ കുടുംബശ്രീയുടെ വനിതാ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് സാധിക്കണം. കൂടാതെ കേവിഡിന് ശേഷം ഏറ്റവും മികച്ച ഉപജീവന പദ്ധതികള്‍ ആവിഷ്കരിച്ച് സമൂഹത്തിന് താങ്ങായി പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീ സംഘടനാസംവിധാനത്തിന് കഴിയണം എന്നുകൂടി പറയുകയാണ്.
ലോക്ക്ഡൗണ്‍ കാലത്ത് സഞ്ചരിക്കുന്ന തപാലാപ്പീസുകള്‍ സജ്ജമാക്കിയും ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നടത്തിയും തപാല്‍ വകുപ്പ് മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യമുള്ളവര്‍, അശരണര്‍, വിധവകള്‍, മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള ക്ഷേമപെന്‍ഷനുകള്‍ അവരുടെ വീടുകളിലെത്തിച്ചു.
48.76 കോടി രൂപയുടെ 3,13,719 ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിച്ചു. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി ഗ്രാമത്തിലെ ആദിവാസി ഊരുകളില്‍ 74 ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തു. 16.91 കോടി രൂപയുടെ 21,577 സര്‍വീസ് പെന്‍ഷനുകളും ഇത്തരത്തില്‍ വിതരണം ചെയ്യുകയുണ്ടായി.
ബാങ്കിലോ എടിഎമ്മിലോ പോകാതെ ഉപഭോക്താക്കള്‍ക്ക് പണം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. 48,598 ഉപഭോക്താക്കള്‍ അവരവരുടെ വീട്ടുപടിക്കല്‍ തന്നെ പോസ്റ്റ്മാനില്‍ നിന്നും ഇത്തരത്തില്‍ പണം കൈപ്പറ്റി.
കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ആദരമായി കേരള തപാല്‍ സര്‍ക്കിള്‍ ഒരു പ്രത്യേക തപാല്‍ കവര്‍ തന്നെ പുറത്തിറക്കി. രാജ്യത്ത് ആദ്യമായിരുന്നു ഇത്തരമൊരു സംരംഭം. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി 'എന്‍റെ കൊറോണ പോരാളികള്‍' എന്ന ഇ-പോസ്റ്റ് പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. തപാല്‍ വകുപ്പിലെ ജീവനക്കാരുടെ സേവനങ്ങളെ അഭിനന്ദിക്കുന്നു.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 307 ഏക്കര്‍ ഭൂമിയില്‍ പച്ചക്കറി, കിഴങ്ങ്, വാഴ എന്നിവ കൃഷി ചെയ്യാന്‍ തീരുമാനിച്ചു.
*
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !