തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി തങ്ങളുടെ 181-ാമത് ആണ്ടുനേർച്ചയുടെ സമാപനത്തിന്റെ ഭാഗമായുള്ള ഒരുലക്ഷംപേർക്കുള്ള അന്നദാനം ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ അന്നദാനം ഉദ്ഘാടനംചെയ്യും. സയ്യിദ് അബ്ദുറഹ്‌മാൻ ജിഫ്രി തങ്ങൾ അധ്യക്ഷനാകും. ഒരുലക്ഷത്തിലധികം നെയ്‌ച്ചോർ പായ്ക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്.
ഉച്ചയ്ക്ക് ളുഹർ നമസ്‌കാരാനന്തരം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദ് ഖതമ് ദുആ മജ്‌ലിസോടെ ആണ്ടുനേർച്ചയ്ക്ക് സമാപനമാകും. ശനിയാഴ്ച രാത്രി നടന്ന പ്രാർത്ഥനാസദസ്സ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ഖുർആൻ കോളേജിൽനിന്ന് ഖുർആൻ മനഃപാഠമാക്കിയവർക്കുള്ള ബിരുദദാനം സമസ്ത ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു. സൂഫിവര്യനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ പ്രാർഥനാസദസ്സിന് നേതൃത്വംനൽകി.
ഗതാഗത നിയന്ത്രണം
തിരൂരങ്ങാടി: ആണ്ടുനേർച്ചയുടെ സമാപനത്തെത്തുടർന്ന് ഞായറാഴ്ച ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മമ്പുറം മഖാമിലേക്കും തിരിച്ചും ഇരുപാലങ്ങൾ വഴിയും കടന്നുപോകുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. മഖാമിലേക്ക് വരുന്നവർ ഇരുപാലങ്ങൾ വഴിയും കാൽനടയായി എത്തണം. മഖാമിലേക്കുള്ള വാഹനങ്ങൾ ദേശീയപാതയിലെ വി.കെ. പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചുപോകണം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !