എടക്കര: കവളപ്പാറ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വിവിധ രേഖകൾക്കായി ഇന്ന് അദാലത്ത് നടത്തും. റവന്യു, സിവിൽ സപ്ലൈസ്, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെയും ബാങ്കുകളുടെയും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അദാലത്ത് 10 മുതൽ പോത്തുകല്ല് പഞ്ചായത്ത് ഓഫിസിലാണ് നടത്തുന്നത്. ആധാർ കാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ നഷ്ടപ്പെട്ട രേഖകൾ അദാലത്തിലൂടെ പെട്ടെന്ന് നൽകും.
കവളപ്പാറ ഉൾപ്പെടെ പോത്തുകല്ല് പഞ്ചായത്തിൽ തകർന്ന വീടുകൾ കണ്ടെത്താനുള്ള സർവേ 2 ദിവസത്തിനകം പൂർത്തിയാക്കാനാണ് നീക്കം. സർവേ പൂർത്തിയാക്കിയതിനു ശേഷമേ പുനരധിവാസത്തിന് അർഹതപ്പെട്ടവരുടെ പട്ടിക തയാറാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ പുനരധിവാസത്തിന് രണ്ടിടത്തായി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പി.വി.അൻവർ എംഎൽഎ അറിയിച്ചു. കൈപ്പിനി കോട്ടമലയിലും എടക്കര പൊട്ടൻതരിപ്പയിലുമാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
പൊട്ടൻതരിപ്പയിൽ കണ്ടെത്തിയ 6 ഏക്കർ സ്ഥലത്ത് 30 കുടുംബങ്ങളെയും ബാക്കി കുടുംബങ്ങളെ കോട്ടമലയിലും പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രമുഖ കമ്പനി വീടുകൾ നിർമിച്ച് നൽകുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. പുനരധിവാസത്തിനായി വിവിധ സംഘടനകളും വ്യക്തികളും ദാനമായി നൽകിയ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
മുത്തപ്പൻകുന്നിനു സമീപത്തെ 56 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണം
കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായതിനു സമീപത്തെ 56 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണമെന്ന് ജിയോളജി അധികൃതർ നിർദേശിച്ചു. ദുരന്തഭൂമിയുടെ 200 മീറ്റർ ചുറ്റളവിൽ 2 ഭാഗങ്ങളിലായുള്ള കുടുംബങ്ങളെയാണ് മാറ്റേണ്ടത്. ജിയോളജി സംഘം നടത്തിയ പരിശോധനയ്ക്കുശേഷം പഞ്ചായത്തിനു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
തുടിമുട്ടി അമ്പലക്കുന്നിലും മലാംകുണ്ടിലും വാളംകൊല്ലിയിലും അതിരുവീട്ടിയിലും തുടർന്നും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കണ്ടത്തിയിട്ടുണ്ട്. തുടിമുട്ടി അമ്പലക്കുന്നിലും മലാംകുണ്ടിലും 7 കുടുംബങ്ങളെ വീതവും വാളംകൊല്ലിയിൽ 12 കുടുംബങ്ങളെയും അതിരുവീട്ടിൽ 13 കുടുംബങ്ങളെയും മാറ്റിത്താമസിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻപിള്ള പറഞ്ഞു. മറ്റൊരു സംഘം നടത്തിയ വിശദപഠനത്തിന്റെ റിപ്പോർട്ട് ലഭിക്കാനുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !